പത്തനാപുരം : ഫാമിങ്‌ കോർപ്പറേഷൻ തോട്ടങ്ങളുടെ പ്രകൃതിസൗന്ദര്യം പ്രയോജനപ്പെടുത്തിയുള്ള ഫാം ടൂറിസം എന്ന ആശയം വീണ്ടും സജീവമാകുന്നു. റീ പ്ലാന്റ് ചെയ്യുന്നതിനായി റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയതോടെയാണ് പ്രകൃതി ഒളിപ്പിച്ചിരുന്ന മനോഹരദൃശ്യങ്ങൾ കാണികൾക്കുമുന്നിൽ തുറന്നിട്ടത്. മലകളും കുന്നുകളും പാറക്കൂട്ടങ്ങളും പച്ചപ്പട്ടണിഞ്ഞ താഴ്‌വാരവും അരുവികളും പക്ഷിമൃഗാദികളും സഞ്ചാരികളെ ആകർഷിക്കുന്നു.

ചിതൽവെട്ടി തോട്ടത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ ഏറെപ്പേർ എത്തുന്നുണ്ട്. ഇളപ്പുപാറയിൽനിന്നും കോട്ടപ്പാറയിൽനിന്നുമുള്ള വിദൂരദൃശ്യങ്ങൾ ആസ്വദിക്കാം. വൈകുന്നേരങ്ങളിലെ കാഴ്ചകളാണ് ഏറെ ഹൃദ്യം. മഞ്ഞണിഞ്ഞ എസ്റ്റേറ്റുകളും അടിവാരത്തുള്ള ജനവാസകേന്ദ്രങ്ങളിലും പട്ടണങ്ങളിലും തെളിച്ച വൈദ്യുതവിളക്കുകളുടെ മനോഹാരിതയും സഞ്ചാരികളുടെ മനംമയക്കും.

Kottappara
ചിതൽവെട്ടി കോട്ടപ്പാറയിലെ പാറക്കൂട്ടങ്ങൾ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

കോട്ടപ്പാറയിലെ പാറക്കൂട്ടങ്ങളിലൂടെ സാഹസികയാത്ര നടത്താം. ചെറുതും വലുതുമായ പാറകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. പാറകൾക്കിടയിലായി ഒരു ആരാധനാലയവും ഉണ്ട്. പാറക്കൂട്ടങ്ങൾതാണ്ടി മുകളിലെത്തിയാൽ ശക്തമായ കാറ്റേറ്റ് ദൂരക്കാഴ്ചകൾ കാണാം. മുള്ളുമല, കുമരംകുടി, അമ്പനാർ, സഹ്യസീമ, ചെരിപ്പിട്ടകാവ് തോട്ടങ്ങളിലൂടെയുള്ള യാത്രകളും ഹൃദ്യമാണ്. വനവുമായി അതിർത്തി പങ്കിടുന്ന തോട്ടങ്ങളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെയും കാണാം. റോഡിനിരുപുറവും മനോഹരമായ കാഴ്ചകളാണ്. കാട്ടരുവികളിൽ കുളിക്കുകയുമാകാം. അച്ചൻകോവിൽ പാതയിലൂടെ ഫാമിങ്‌ കോർപ്പറേഷൻ തോട്ടങ്ങളുടെയും വനത്തിന്റെയും സൗന്ദര്യമാസ്വദിച്ച് അച്ചൻകോവിലിലേക്ക് യാത്ര ചെയ്യാൻ ധാരാളം സഞ്ചാരികൾ എത്തുന്നുണ്ട്.

കിഴക്കൻ മേഖലകളെ ബന്ധിപ്പിച്ച് ടൂറിസം പദ്ധതി

കിഴക്കൻ മേഖലയിലെ കുംഭാവുരുട്ടി, പാലരുവി ജലപാതങ്ങൾ, തെന്മല ഇക്കോടൂറിസം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഫാം ടൂറിസം എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഫാമിങ്‌ കോർപ്പറേഷൻ തോട്ടങ്ങളുടെ മനോഹാരിത പ്രയോജനപ്പെടുത്താൻ അഞ്ചുവർഷംമുൻപ് പദ്ധതികൾ തയ്യാറാക്കിയിരുന്നു.

കോർപ്പറേഷൻ ലാഭകരമാക്കാൻ വൈവിധ്യവത്കരണത്തിനൊപ്പം ടൂറിസവും ലക്ഷ്യമായിരുന്നു. മത്സ്യംവളർത്തലും മണ്ണിര കമ്പോസ്റ്റ് നിർമാണവും പുൽക്കൃഷി, കുരുമുളകുകൃഷി, റബ്ബറിന് ഇടവിളയായുള്ള വാഴക്കൃഷി ഒക്കെ അക്കാലത്ത് സജീവ ശ്രദ്ധയാകർഷിച്ചിരുന്നു. വൈവിധ്യവത്കരണ പദ്ധതികളിലൂടെ അന്ന് ഫാമിങ്‌ കോർപ്പറേഷനെ ലാഭത്തിൽ എത്തിച്ചിരുന്നു. എന്നാൽ, ഇവയ്ക്ക് തുടർച്ചയില്ലാത്തത് തിരിച്ചടിയായി. 2013 മുതൽ 2017 വരെ കോർപ്പറേഷൻ കൈവരിച്ച നേട്ടങ്ങളെല്ലാം പാഴായി. പിന്നീട് പദ്ധതികളെല്ലാം വിസ്മൃതിയിലാകുകയായിരുന്നു.

Content Highlights: farm tourism, farming corporation, chithalvetti farm, kottappara travel, travel malayalam latest news