നടുവില്‍: അടുത്തകാലത്ത് മൂന്ന് വിദ്യാര്‍ഥികളുടെ ജീവന്‍ കവര്‍ന്നെടുത്തതാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. വേനല്‍ച്ചൂടില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ഏഴരക്കുണ്ടിലെ അപകടക്കുഴികള്‍ ഇപ്പോള്‍ തെളിഞ്ഞുകാണാം. പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇങ്ങനെ വെള്ളച്ചാട്ടം വറ്റിവരളുന്നത്.
മഴ പെയ്തുതുടങ്ങുമ്പോഴുണ്ടാകുന്ന ഭംഗിയില്‍ ഭ്രമിച്ച് കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍ പെടുന്നത്. കുഴികളെക്കുറിച്ചോ അതിന്റെ ആഴത്തെക്കുറിച്ചോ ധാരണ ഇല്ലാത്തവരാണ് വെള്ളച്ചാട്ടം കാണാനെത്തുന്നവരില്‍ ഏറെയും. കറങ്ങിച്ചുറ്റുന്ന ചുഴിയും ചുഴിക്കടിയിലെ കുഴിയുടെ രൂപഘടനയും അകപ്പെടുന്നവരെ രക്ഷപ്പെടാന്‍ സഹായിക്കാത്തതരത്തിലുള്ളതാണ്. കാഠിന്യമുള്ള കരിങ്കല്ല് ഉരഞ്ഞ് കിണറിനോളം പോരുന്ന കുഴികള്‍ രൂപപ്പെട്ടത് കാണാം.
തട്ടുതട്ടായുള്ള ഏഴ് വലിയ കുഴിയും ഒരു കുഴിയുടെ പകുതിയില്‍നിന്ന് മുറിച്ചതുപോലുള്ള മറ്റൊരു കുഴിയും ചേര്‍ന്നതാണ് ഏഴരക്കുണ്ട്. 10 മുതല്‍ 20 അടി താഴ്ചയുണ്ട് ഓരോന്നിനും. കഴുത്ത് ഇടുങ്ങി അകം വിസ്തൃതമായ കലത്തിന്റെ ആകൃതിയാണ് ഇവയ്ക്ക്.
പൈതല്‍മലയുടെ അടുത്ത് പൊട്ടന്‍പ്ലാവിലാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കുത്തനെയുള്ള കൊടുമുടിയില്‍ പെയ്യുന്ന മഴവെള്ളം ആര്‍ത്തലച്ച് കുതിച്ച് പാഞ്ഞുവരും, മഴക്കാലത്ത്. ഇപ്പോള്‍ ചാത്തമലയില്‍ ടൂറിസം വകുപ്പ് വ്യൂ പോയിന്റും നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ഇത് കരാര്‍ വ്യവസ്ഥയില്‍ നടത്തിപ്പിന് കൊടുത്തിരിക്കുകയാണ്. നടപ്പാത വഴി വെള്ളച്ചാട്ടത്തിനരികില്‍ എത്താന്‍ പറ്റും. 100 രൂപയാണ് സന്ദര്‍ശകരോട് വാങ്ങുന്നത്. കുഴിയില്‍ നീന്താന്‍ അനുവാദമുണ്ട്. ജാക്കറ്റും ഹെല്‍മെറ്റും ഇടാതെ ഇറങ്ങാന്‍ അനുവാദമില്ല. ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. എങ്കിലും കണ്ണൊന്ന് തെറ്റിയാല്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ടുവരുന്നതാണ് കുടക്കുഴികള്‍. കരിങ്കല്‍ പാറകളില്‍ ആദ്യം ജലം പതിച്ച് ചെറുകുഴികള്‍ രൂപപ്പെടും. ക്രമേണ കുഴികളില്‍ ചുഴികളുണ്ടാവും. ഒഴുകിയെത്തുന്ന കരിങ്കല്‍ കഷണങ്ങള്‍ കുഴികളില്‍ തങ്ങിനില്‍ക്കുകയും വട്ടംകറങ്ങി ഉരഞ്ഞ് വിസ്തൃതമാവുകയും ചെയ്യുന്നു.
ഏഴരക്കുണ്ടിലെയത്ര വലുപ്പമില്ലെങ്കിലും വെള്ളാട് കൂളിക്കുണ്ടിലും നിരവധി കുടക്കുഴികള്‍ കാണാന്‍ കഴിയും.
Content Highlights: Ezharakkund Waterfalls, Ezharakkund Tourism, Kannur Tourists Spots
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..