അക്ഷയും അദ്വൈതും
തിരുവനന്തപുരം: 22 രാജ്യങ്ങളിലൂടെ 40 ദിവസമെടുത്ത് 10000 കിലോമീറ്റര്‍ പിന്നിടുന്ന യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് തയ്യാറെടുക്കുകയാണ് ഇരട്ട സഹോദരന്മാരായ, കമലേശ്വരം വലിയവീട് ലെയ്നില്‍ വൃന്ദാവനത്തില്‍ അക്ഷയും അദ്വൈതും. പ്രവര്‍ത്തനക്ഷമവും എന്നാല്‍ മോശം അവസ്ഥയിലുള്ളതുമായ പഴയ കാറില്‍ അതിസാഹസികമായി 40 ദിവസംകൊണ്ട് നിശ്ചിതദൂരം പൂര്‍ത്തിയാക്കുന്ന മംഗോള്‍ റാലിക്കാണ് ഇവര്‍ തലസ്ഥാനത്തുനിന്നു തിങ്കളാഴ്ച യാത്ര തിരിച്ചത്.
ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇവരുടെ സുഹൃത്ത് ജസീം ജര്‍മ്മനിയില്‍ റാലിയില്‍ പങ്കെടുക്കാനുള്ള വാഹനവുമായി കാത്തുനില്‍ക്കുന്നുണ്ട്. 18 വര്‍ഷം പഴക്കമുള്ള കാറിലാണ് ജസീമുള്പ്പെടെയുള്ള സംഘം യൂറോപ്പ് മുഴുവന്‍ യാത്ര ചെയ്യുന്നത്. സംഘാടകര്‍ മൊബൈല്‍ ഫോണ്‍ ആപ്പിലൂടെയാണ് ഇവരുടെ യാത്ര നിരീക്ഷിക്കുന്നത്. അപകടംപിടിച്ച പാതയിലൂടെ ഒറ്റയ്ക്കൊറ്റയ്ക്കാണ് യാത്ര ചെയ്യേണ്ടത്. വാഹനം കേടായാല്‍ നന്നാക്കേണ്ടത് ടീമംഗങ്ങളുടെ ഉത്തരവാദിത്വമാണ്.
താമസവും ഭക്ഷണവും സ്വയം കണ്ടെത്തിയാണ് റാലി പൂര്‍ത്തിയാക്കേണ്ടത്. ഇന്ത്യയില്‍നിന്നു ഈ റാലിയില്‍ പങ്കെടുക്കുന്ന ഏക ടീമാണ് ഇവരുടേത്. ജൂലായ് ആദ്യവാരം ചെക്ക് റിപ്പബ്ളിക്കില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്. ഹോളണ്ട്, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് റാലി കടന്നുപോകുന്നത്. നേരത്തെ 16 ദിവസംകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ ഇരുവരും യാത്ര ചെയ്തിരുന്നു.
എന്‍ജിനിയറിങ് കഴിഞ്ഞ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അക്ഷയിനും അദ്വൈതിനും സാഹസിക യാത്രകള്‍ ചെറുപ്പംമുതലേ ഇഷ്ടമാണ്. ബസിലും കാറിലും ബൈക്കിലും തീവണ്ടിയിലുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞു ഈ സഹോദരങ്ങള്‍. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ശുഭയാണ് ഇവരുടെ അമ്മ. ഇന്ദുഭൂഷണാണ് സഹോദരന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..