ഫോര്‍ട്ട്‌കൊച്ചി: കൊച്ചിയുടെ അടയാളമായ ഫോര്‍ട്ട്‌കൊച്ചിയിലെ ചീനവലകള്‍ തകര്‍ച്ചയിലേക്ക്. വലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം കടുത്ത പ്രതിസന്ധികളെയാണ് നേരിടുന്നതെന്ന് തൊഴിലാളികളും വല ഉടമകളും പറയുന്നു. പതിനാേറാളം ചീനവലകളാണ് ഫോര്‍ട്ട്‌കൊച്ചിയിലുണ്ടായിരുന്നത്. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഏഴെണ്ണം മാത്രം. അതും ഒരു വിധത്തിലാണ് മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഉടമകള്‍ പറയുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ചലിക്കുന്ന ചരിത്ര സ്മാരകമാണ് ചീനവലകള്‍.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകവുമാണത്. പക്ഷേ, ചീനവലകള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ നടപടിഉണ്ടാകുന്നില്ല. ടൂറിസം വകുപ്പ് ഒരു പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് നിലച്ചു

പായല്‍ വലകള്‍ തകര്‍ക്കുന്നു

അഴിമുഖത്തിലൂടെ കടലിലേക്കു പോകുന്ന പായല്‍ക്കൂട്ടമാണ് ഇപ്പോഴത്തെ പ്രശ്‌നം. പായല്‍ക്കൂട്ടം വന്ന് ഇടിക്കുമ്പോള്‍ വലകള്‍ തകര്‍ന്നു പോകുന്നു. ഈ രീതിയില്‍ മൂന്ന് വലകള്‍ പൂര്‍ണമായും നശിച്ചു. ഇപ്പോഴും പായല്‍ അടിച്ച് കയറുകയാണ്. പായല്‍ നിറയുന്നതിനാല്‍ മീന്‍പിടിത്തവും തടസ്സപ്പെടുകയാണ്. പായല്‍ ഇടിച്ച് നശിച്ചുപോയ വലകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് വലിയ പണച്ചെലവുണ്ട്. അത്രയും പണം ചെലവാക്കാന്‍ ഇവര്‍ക്ക് ശേഷിയില്ല. തകര്‍ന്ന വലകള്‍ പലതും നന്നാക്കി പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല.

വരുമാനം കുറയുന്നു

കുറച്ചുകാലമായി ചീനവലകളില്‍നിന്ന് കാര്യമായ മീന്‍ കിട്ടുന്നില്ല. ഓരോ വലയ്ക്കും നാലു മുതല്‍ ആറു വരെ തൊഴിലാളികളുണ്ട്. മീന്‍ കിട്ടുന്നതിനനുസരിച്ചാണ് ഇവര്‍ക്ക് വരുമാനം. തൊഴിലാളിയും വലയുടമയും വരുമാനം പങ്കിട്ടെടുക്കുന്ന രീതിയാണ്. മീന്‍ കിട്ടാത്തതിനാല്‍ രണ്ടുപേര്‍ക്കും വരുമാനമില്ല.

തനിമ ചോരുന്നു

ഫോര്‍ട്ട്‌കൊച്ചിയില്‍ കാണുന്നതുപോലെയുള്ള കൂറ്റന്‍ ചീനവലകള്‍ ചൈനയില്‍ പോലും ഇപ്പോഴില്ല. കേരളത്തില്‍ത്തന്നെ ഇത്തരം ചീനവലകള്‍ അപൂര്‍വമാണ്. തേക്കിന്‍ തടിയിലാണ് ഇവ രൂപപ്പെടുത്തുന്നത്. ഇത്ര വലിപ്പത്തിലുള്ള തേക്കിന്‍ തടികള്‍ കിട്ടുക എളുപ്പമല്ല. കിട്ടിയാല്‍ തന്നെ അതിന് വലിയ ചെലവാണ്. ഇത്രയധികം പണം ചെലവഴിച്ചാല്‍ അതിനുള്ള വരുമാനം കിട്ടുന്നുമില്ല. ഈ സാഹചര്യത്തിലാണ് തേക്കിന്‍ തടികള്‍ ഒഴിവാക്കാന്‍ ചിലര്‍ തീരുമാനിച്ചത്. അങ്ങനെ പല വലയിലും തേക്കിന്‍ തടിക്ക് പകരം ഇരുമ്പ് പൈപ്പുകള്‍ പരീക്ഷിച്ചു. അങ്ങനെ ചെലവ് കുറച്ചു.

അതുപോലെ, വല വലിക്കുന്നതിന് മോട്ടോറുകളും പരീക്ഷിച്ചു. മനുഷ്യാധ്വാനം കുറച്ച് മോട്ടോര്‍ ഉപയോഗിച്ച് വല വലിക്കാന്‍ തുടങ്ങി. ഇങ്ങനെ വല വലിക്കുമ്പോള്‍, വല ഉടമയ്ക്ക് കുറച്ചുകൂടി വരുമാനം ലഭിക്കും. വലിയ ചെലവുകള്‍ ഒഴിവാക്കാം. അങ്ങനെ ഫോര്‍ട്ട്‌കൊച്ചിയിലെ വലകളുടെ തനിമയും സൗന്ദര്യവും ചോരുകയാണ്.

സര്‍ക്കാരിന്റെ സഹായമില്ല

ഫോര്‍ട്ട്‌കൊച്ചി ടൂറിസത്തിന്റെ പ്രധാന ഘടകമാണ് ചീനവലകള്‍. അത് കാണാനും അടുത്തുനിന്ന് ചിത്രമെടുക്കാനും സഞ്ചാരികള്‍ വലിയ താത്പര്യം കാണിക്കാറുണ്ട്. ചലിക്കുന്ന ചരിത്രസ്മാരകം എന്നാണ് ചീനവല അറിയപ്പെടുന്നത്. വിനോദ സഞ്ചാര മേഖലയ്ക്ക് ചീനവലകള്‍ നല്‍കുന്ന സംഭാവന ചെറുതല്ല. എന്നാല്‍, ചരിത്രസ്മാരകമെന്ന് വിശേഷിപ്പിക്കുമ്പോഴും അത് നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട താത്പര്യമെടുക്കുന്നില്ലെന്നാണ് പരാതി.

പായല്‍ അടിച്ച് വലകള്‍ തകര്‍ന്നാലും ഒരു പൈസ സഹായം കിട്ടുന്നില്ലെന്ന് വലയുടമയായ സ്വരാജ് ഗോപാലന്‍ പറയുന്നു. വലയുടെ ഒരു കഷണം മാറ്റുന്നതിനു തന്നെ ഭീമമായ തുക ചെലവാകും. തകര്‍ന്ന വല നന്നാക്കാനെങ്കിലും സര്‍ക്കാര്‍ സഹായിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ അതുണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

സംരക്ഷണ പദ്ധതി പാളുന്നു

ചീനവലകള്‍ സംരക്ഷിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയിരുന്നു. പണവും അനുവദിച്ചു. ചീനവലകളെല്ലാം നന്നാക്കുന്നതിനാണ് പണം അനുവദിച്ചത്. വേണ്ട തേക്കിന്‍ തടി കിട്ടാതെ ആ പദ്ധതി കുറച്ചുകാലം ഫയലില്‍ ഉറങ്ങി. പിന്നീട് അതിനായി കുറച്ച് തടി കൊണ്ടുവന്നു. ആ തടികള്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ കിടക്കുന്നുണ്ട്. ടൂറിസം വകുപ്പിന് പിന്നീട് മുന്നോട്ടു പോകാനായിട്ടില്ല. പണം ചെലവായത് മിച്ചം. ചീനവലകള്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടായില്ല.

ചരിത്ര കാഴ്ച

ഫോര്‍ട്ട്‌കൊച്ചിയുടെ ചരിത്ര കാഴ്ചയാണ് ചീനവലകള്‍. ടൂറിസത്തിന്റെ ഭാഗവുമാണത്. വലയുടമകളൊക്കെ സാധാരണക്കാരാണ്. വലിയ തുക ചെലവഴിച്ച് അവ പുതുക്കി നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ല. ഇതൊരു പൊതുസ്വത്താണെന്ന രീതിയില്‍ കാര്യങ്ങളില്‍ തീരുമാനമുണ്ടാകണം. ചീനവലകളുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണിപ്പോള്‍. അവയെ നിലനിര്‍ത്തേണ്ടത് നാടിന്റെ കടമയാണ്.

വലകളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത് നിവൃത്തികേടു കൊണ്ടാണ്. തനിമ നിലനിര്‍ത്തി വലകള്‍ പുതുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കുകയാണ് വേണ്ടത്. സമയബന്ധിതമായി അത് പൂര്‍ത്തിയാക്കണമെന്നും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.

Content Highlights: Ernakulam tourism department, Kerala Tourism, Travel news