പേര്യ: ഏലപ്പീടികയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ തലവര തെളിയുന്നു. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി തയ്യാറാക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍ കണ്ണൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഏലപ്പീടികയുടെ ഇക്കോടൂറിസം സാധ്യതയെക്കുറിച്ച് മുമ്പ് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കണിച്ചാര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് ടൂറിസം വകുപ്പിന്റെ അടിയന്തിരനടപടി.

വയനാടിന്റെ അതിര്‍ത്തിയോടുചേര്‍ന്നുള്ള കണിച്ചാര്‍, കേളകം പഞ്ചായത്തു പരിധികളിലായി വരുന്ന ഏലപ്പീടികയിലെ വിവിധ സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്. ഏലപ്പീടിക കുരിശുമല, കണ്ടംതോട് പുല്‍മേട്, തമ്പുരാന്മല, 29-ാം മൈല്‍ വെള്ളച്ചാട്ടം, ഉപേക്ഷിച്ച ക്രഷറിനു സമീപമുള്ള പ്രദേശങ്ങള്‍ എന്നീ സ്ഥലങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടും. ഏലപ്പീടികയുടെ മനോഹാരിത ആസ്വദിക്കാന്‍ ഒട്ടേറെപ്പേരാണ് ഇവിടെയെത്തുന്നത്. 

മൂന്നുവശവും മഞ്ഞുമൂടിയ മലനിരകളുടെ ദൂരക്കാഴ്ച ആസ്വദിക്കാനാവുന്നതാണ് കുരിശുമല വ്യൂപോയന്റ്. ഉദയാസ്തമയങ്ങളുടെ മനോഹരക്കാഴ്ചകള്‍ ഇവിടെ ദൃശ്യമാകും. ഏക്കര്‍കണക്കിന് നീണ്ടുപരന്നുകിടക്കുന്ന കണ്ടംതോട് പുല്‍മേട് ആണ് സഞ്ചാരികള്‍ കൂടുതലായെത്തുന്ന മറ്റൊരു സ്ഥലം. തലശ്ശേരി-വയനാട് സംസ്ഥാനപാതയിലെ പേര്യചുരത്തില്‍ 29-ാം മൈലില്‍ റോഡരികിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും ഒട്ടേറെപ്പേരെത്തുന്നുണ്ട്. 

വനത്തിലൂടെ നാലുകിലോമീറ്റര്‍ ട്രക്കിങ് സാധ്യതയുള്ള തമ്പുരാന്മലയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. നിയന്ത്രണങ്ങളില്ലാതെ എത്തുന്ന സമൂഹവിരുദ്ധര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകളുമുണ്ടാക്കിയിരുന്നു. ടൂറിസം പദ്ധതി വന്നാല്‍ നിയന്ത്രണവിധേയമായി സഞ്ചാരികളെ പ്രവേശിപ്പിക്കാനാകുമെന്നതിനാലും പ്രദേശത്തിന്റെ വികസനത്തിനു വേഗംകൂട്ടുമെന്നതിനാലുമാണ് ആവശ്യം ജനങ്ങള്‍ ഉന്നയിച്ചത്.

ഏലപ്പീടിക ടൂറിസം പദ്ധതിയില്‍ വനഭാഗത്തുകൂടിയുള്ള ട്രക്കിങ് അടക്കം ഉള്‍പ്പെടുന്നതിനാല്‍ അനുമതിക്കായി വനംമന്ത്രിക്ക് ഗ്രാമപ്പഞ്ചായത്ത് അപേക്ഷ നല്‍കിയിരുന്നു. ഇതിനായി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡി.എഫ്.ഒ.ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സമീപപ്രദേശങ്ങളും ചേര്‍ത്ത് ഏലപ്പീടിക വിനോദസഞ്ചാരകേന്ദ്രമാക്കിയാല്‍ വയനാട്ടുകാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

Content Highlights: elapeedika eco tourism plan gets highlighted