ഹൈദരാബാദ്: ഹൈദരാബാദ് മൃഗശാലയിലുള്ള എട്ട് ഏഷ്യാറ്റിക്ക് സിംഹങ്ങളില്‍ കോവിഡ് 19 വൈറസ് കണ്ടെത്തി. ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതാദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറെ സഞ്ചാരികള്‍ എത്തുന്ന നെഹ്‌റു പാര്‍ക്ക് ഇന്ത്യയിലെത്തന്നെ ഏറ്റവും മികച്ച സുവോളജിക്കല്‍ പാര്‍ക്കുകളിലൊന്നാണ്. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് സിംഹങ്ങളില്‍ കോവിഡ് രോഗം കണ്ടെത്തിയത്.

ഇതോടെ വിദഗ്ധ പരിശോധനയ്ക്കായി സി.സി.എം.ബി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പരിശോധനാഫലം പുറത്തുവരൂ. മനുഷ്യരില്‍ നിന്നാണോ സിംഹങ്ങള്‍ക്ക് ഈ രോഗം പകര്‍ന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ ടെസ്റ്റിലൂടെ അറിയാന്‍ സാധിക്കും.

ഇതോടെ സിംഹങ്ങളെ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ആന്തരിക അവയവങ്ങളില്‍ കോവിഡ് ബാധ ഏറ്റിട്ടുണ്ടോ എന്നറിയാന്‍ സി.ടി.സ്‌കാന്‍ ചെയ്‌തേക്കും.

380 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ഏകദേശം 1500-ഓളം മൃഗങ്ങളാണ് വസിക്കുന്നത്. ഏപ്രില്‍ 24 മുതല്‍ സിംഹങ്ങള്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. ചുമയും ജലദോഷവും വിശപ്പില്ലായ്മയുമെല്ലാം ഇതിന്റെ ഭാഗമായുണ്ടായി. 

നിലവില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലകളിലൊന്നായ ഈ പാര്‍ക്ക് അടച്ചിരിക്കുകയാണ്. ഈയിടെ ഇവിടത്തെ 24 സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: Eight Asiatic lions test positive in COVID-19, first in India