പാരീസ്: പാരീസിനെ ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തുന്ന അതിപ്രശസ്തമായ ഈഫല്‍ ടവര്‍ ജൂലായ് 16 മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ലോകത്തിലേറ്റവുമധികം സഞ്ചാരികളെത്തുന്ന ഇടമായ ഈഫല്‍ ടവര്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് അടച്ചിട്ടത്.

ഈഫല്‍ ടവറിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമായിത്തുടങ്ങും. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനം അനുവദിക്കൂ.

ഓണ്‍ലൈന്‍ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഒരു ദിവസം 10000 സഞ്ചാരികള്‍ക്ക് മാത്രമാണ് ഈഫല്‍ ടവറിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ സഞ്ചാരികള്‍ കര്‍ശനമായി പാലിക്കണം. 

2024 ഒളിമ്പിക്‌സിന് മുന്നോടിയായി ഈഫല്‍ ടവറില്‍ ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ടവറിന്റെ ചില ഭാഗങ്ങള്‍ അടഞ്ഞുകിടക്കും. പാരീസിന്റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈഫല്‍ ടവര്‍ 1887 നും 1889 നും ഇടയിലാണ് നിര്‍മിച്ചത്. 324 മീറ്ററാണ് ടവറിന്റെ ഉയരം. 

Content Highlights: Eiffel Tower to reopen on July 16, cap set on number of visitors