കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട ലോകപ്രശസ്തമായ ഈഫല്‍ ടവര്‍ അടുത്തയാഴ്ച തുറക്കും. പാരീസ് നഗരത്തെ ലോകപ്രശസ്തമാക്കിയ ഈഫല്‍ ടവറിന് 324 മീറ്ററാണ് ഉയരം. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഈഫല്‍ ടവര്‍ ഇത്രയും ദിവസം അടഞ്ഞുകിടന്നത് ഇതാദ്യമായാണ്.

പഴയപോലെ സഞ്ചാരികള്‍ക്ക് ഈഫല്‍ ടവര്‍ കാണാന്‍ പോകാം. പക്ഷേ പുതിയ ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ജൂണ്‍ 25 നാണ് ടവര്‍ തുറക്കുക. ആദ്യ രണ്ട് നിലകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. എല്ലാവരും മുഖാവരണം ധരിച്ചിരിക്കണം. ദിവസേന കുറച്ച് സഞ്ചാരികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 

ആദ്യം പ്രദേശവാസികള്‍ക്കാണ് അനുമതി നല്‍കുക. ഓഗസ്‌റ്റോടെ വിദേശികള്‍ക്കും ടവറില്‍ പ്രവേശിക്കാം. ഓണ്‍ലൈനായി വേണം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍. 

ലോകത്തിലേറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന പാരീസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് 19 കാരണം സഞ്ചാരികളുടെ എണ്ണത്തില്‍ ഈ വര്‍ഷം 80 ശതമാനം കുറവാണുണ്ടായത്.

Content Highlights: Eiffel Tower to reopen after longest closure due to Covid 19