വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് ഈജിപ്തിലേക്ക് പ്രവേശിക്കാൻ ഇനി പിസിആർ പരിശോധന ആവശ്യമില്ല. ഇത്തരമൊരു തീരുമാനം എടുക്കുന്ന ഏറ്റവും പുതിയ രാജ്യമായി ഈജിപ്ത്. ലോകമെമ്പാടും വാക്സിനേഷൻ നിർബന്ധമായതിനാൽ പല രാജ്യങ്ങളും അവരുടെ കോവിഡ് ട്രാവൽ പ്രോട്ടോക്കോൾ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഈജിപ്ത് പോലുള്ള രാജ്യങ്ങൾ എടുക്കുന്ന ഇത്തരം നീക്കങ്ങൾ യാത്രാതടസങ്ങൾ ഒഴിവാക്കുകയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കാരണമാകുകയും ചെയ്യും.

ഈജിപ്ത് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നിയമപ്രകാരം വാക്സിനേഷൻ ലഭിച്ച യാത്രക്കാരുടെ കൈവശം ക്യുആർ കോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഈജിപ്തും ലോകാരോഗ്യസംഘടനയും അംഗീകരിച്ച ആറ് വാക്സിനുകളിൽ ഏതെങ്കിലുമായിരിക്കണം സ്വീകരിച്ചിട്ടുണ്ടാകേണ്ടത്. രണ്ടാമത്തെ ഡോസ് രാജ്യത്തിനുള്ളിൽ പ്രവേശിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം സ്വീകരിച്ചതുമാകണം. ഇത് വളരെ പ്രധാാനപ്പെട്ടതാണ്. വൈറസ് ബാധ് അധികമുള്ള രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റ് ഉണ്ടായിരിക്കും. വാക്സിൻ എടുത്ത യാത്രക്കാരെ എളുപ്പം രാജ്യത്തേക്ക് വരാൻ സഹായിക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. എന്നാൽ വാക്സിൻ സ്വീകരിക്കാത്തവർ മുൻപറഞ്ഞ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

egypt / gettyimages

ലോകത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഈജിപ്ത്. വിനോദസഞ്ചാരികളെ ആകർഷിക്കാനായി രാജ്യം ഈ മാസം പല നിയന്ത്രണങ്ങളും ഒഴിവാക്കിയിരുന്നു. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ 15 ശതമാനം ടൂറിസം മേഖലയിൽനിന്നാണ്.

Content highlights :egypt is allowed vaccinated travellers to enter without pcr test now