എകരൂൽ : കുന്നും മലയും പുഴയും പച്ചപ്പട്ടണിഞ്ഞ ഗ്രാമഭംഗിയുംകൊണ്ട് അനുഗൃഹീതമാണ് പനങ്ങാട് പഞ്ചായത്തിലെ തലയാട് എന്ന നാട്ടിൻപുറപ്രദേശം. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ള മലമ്പ്രദേശങ്ങളും വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും വന്യജീവികൾ നിർബാധം വിഹരിക്കുന്ന വനമേഖലയുമെല്ലാം തലയാടിനും പരിസരപ്രദേശങ്ങൾക്കും ടൂറിസം വികസനത്തിന് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

എന്നാൽ, പ്രകൃതി കനിഞ്ഞിട്ടും അധികൃതർ കനിയാത്തതിനാൽ വിനോദസഞ്ചാരകേന്ദ്രമെന്ന തലത്തിലേക്കുള്ള ഉന്നതി നാളിതുവരെ ഈമേഖലയ്ക്ക് കൈവന്നിട്ടില്ല. തലയാട്ടെ മലമ്പ്രദേശത്തുനിന്ന് ഉദ്ഭവിക്കുന്ന പൂനൂർപ്പുഴയുടെ ജലസമൃദ്ധി ഉപയോഗപ്പെടുത്തി ജലസേചന, ജലവൈദ്യുത പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യവും നിറവേറ്റാതെ കിടക്കുകയാണ്.

ഇക്കോ ടൂറിസം റോഡ് എന്ന സ്വപ്നപാത യാഥാർഥ്യത്തിലേക്ക് അടുക്കുന്നതോടെ തലയാടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിന് അരങ്ങൊരുക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണിപ്പോൾ.

ജലസേചന, ജലവൈദ്യുത പദ്ധതികൾ

ഏലക്കാനം, ചുരത്തോട്, പേര്യമല പ്രദേശങ്ങൾ ഉൾപ്പെട്ട തലയാട്ടെ മലയോരമേഖലകളിലൂടെ ഒഴുകിയെത്തുന്ന പൂനൂർപ്പുഴ വേനലെന്നോ വർഷകാലമെന്നോ ഭേദമില്ലാതെ ജലസമൃദ്ധമായാണ് ഒഴുകാറുള്ളത്. ചുരത്തോട് ഭാഗത്ത് അമ്പതടിയോളം ഉയരത്തിലുള്ള വെള്ളച്ചാട്ടത്തിന്റെ ഭാഗത്ത് അണകെട്ടി ചെറുകിട ജലവൈദ്യുതപദ്ധതി ആവിഷ്കരിക്കുന്നതിന് വർഷങ്ങൾക്കുമുമ്പേതന്നെ നിർദേശമുയർന്നിരുന്നു. വേനൽക്കാലത്ത് ജലസംരക്ഷണത്തിനും മലയോരമേഖലയിലെ കാർഷികാഭിവൃദ്ധിക്കുമായി ജലസേചനപദ്ധതി തുടങ്ങുന്നതിന് പത്തുവർഷത്തോളംമുമ്പ് ഈഭാഗത്ത് സർവേകളും നടന്നു. എന്നാൽ, പ്രഖ്യാപനങ്ങൾ അരങ്ങുതകർത്തെങ്കിലും വൈദ്യുതിക്ഷാമം പരിഹരിക്കാനും ജലസമ്പത്ത് സംരക്ഷിക്കാനുമുള്ള പദ്ധതികൾ ഫയലിൽ മാത്രമൊതുങ്ങി.

വിനോദസഞ്ചാരസാധ്യതയേറുന്നു

നിലവിൽ പണിപൂർത്തീകരിച്ചുവരുന്ന ഇരുപത്താറാം മൈൽ-ചുരത്തോട് ഇക്കോ ടൂറിസം റോഡ് യാഥാർഥ്യമാകുന്നതോടെ ചുരത്തോട്, പേര്യമല ഭാഗങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കക്കയം വനമേഖലയിൽപ്പെട്ട ഈപ്രദേശങ്ങൾ കാട്ടാനയും കാട്ടുപോത്തും മാനുമുൾപ്പെടെ ഒട്ടേറെ വന്യജീവികളുടെ വിഹാരകേന്ദ്രമാണ്. അതിനാൽത്തന്നെ പ്രസ്തുതറോഡ് വഴിയുള്ള യാത്ര കാനനപാതയുടെ പ്രതീതി പകരും.

പശ്ചാത്തല സൗകര്യം ഒരുങ്ങുന്നു

ജലവൈദ്യുത, ജലസേചന പദ്ധതികളും ഇക്കോ ടൂറിസം റോഡുമെല്ലാം യാഥാർഥ്യമാവുന്നതോടെ വിനോദസഞ്ചാരസാധ്യതയേറും. കാർഷികമേഖലയായ ഇവിടെ ഒട്ടേറെ വികസനപ്രവർത്തനങ്ങൾക്കും വഴിയൊരുങ്ങും.

ബീനാ മനോജ്, ചീടിക്കുഴി (പ്രദേശവാസി)

പദ്ധതി യാഥാർഥ്യമാക്കണം

സംസ്ഥാനസർക്കാർ ചെറുകിട ജലസേചനപദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ തലയാടും പ്രതീക്ഷയിലാണ്. പദ്ധതി എത്രയുംപെട്ടെന്ന് യാഥാർഥ്യമാക്കണം.

പി.ആർ. സുരേഷ്

(തലയാട്, പ്രദേശവാസി)

Content highlights :eco tourism possibilities in thalayad and punoor river in calicut