ജൂലൈ 1 മുതൽ ഹിമാചൽപ്രദേശിലേക്ക് പ്രവേശിക്കാനുള്ള ഇ-പാസ് സംവിധാനം നിർത്തലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ജൂലൈ ഒന്ന് മുതൽ അന്തർസംസ്ഥാന ബസുകൾക്കും സംസ്ഥാനത്തെ എല്ലാ ആരാധനാലയങ്ങൾക്കും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഏതാനും നാൾ മുമ്പ് ഹിമാചലിലേക്ക് പ്രവേശിക്കാൻ ആർടിപിസിആർ റിപ്പോർട്ട് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹിമാചലിന്റെയും ഹരിയാനയുടെയും അതിർത്തിയിലുള്ള പർവാനൂ മേഖലയിൽ വലിയതോതിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടിരുന്നു.ട്രാഫിക് ജാം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഹിമാചലിലെ ഭാഷ,കലാസാംസ്കാരിക വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ സംസ്ഥാന അനുമതിയുണ്ടെന്നും എന്നാൽ ഭക്തർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നും അറിയിപ്പുണ്ട്. സംസ്ഥാനത്തെ കടകൾ രാവിലെ 9 മുതൽ രാത്രി 8 വരെയും റെസ്റ്റോറന്റുകൾ രാത്രി 10 മണി വരെയും തുറന്നുപ്രവർത്തിക്കും. ഇ-പാസ് നിർത്തലാക്കാനുള്ള തീരുമാനം സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലക്കും ഹോട്ടലുടമകൾക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നത്.

Content highlights :e pass not required in himachal pradesh from july 1