ഊട്ടി: കേരളത്തില്‍ നിന്നും നീലഗിരിയിലേക്ക് കടക്കുന്ന എല്ലാ സഞ്ചാരികള്‍ക്കും ഇ പാസ് കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും ഇ പാസ് അധികൃതരെ കാണിക്കണം.

നീലഗിരി കളക്ടര്‍ ജെ.ഇന്നസെന്റ് ദിവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഞ്ചാരികള്‍ ഏറെയെത്തുന്ന ഊട്ടി നീലഗിരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 

കോവിഡ് രോഗം വലിയ തോതില്‍ വ്യാപിച്ചിരുന്ന നീലഗിരിയില്‍ ഈയിടെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. ഇതേത്തുടര്‍ന്ന് ആയിരങ്ങളാണ് ഊട്ടിയിലേക്ക് ഇരച്ചെത്തിയത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെയാണ് പുതിയ നിയന്ത്രണം സര്‍ക്കാര്‍ കൊണ്ടുവന്നത്. 

നീലഗിരിയെക്കൂടാതെ മറ്റ് തമിഴ്‌നാട്ടിലെ മറ്റ് 11 ജില്ലകളിലേക്ക് പ്രവേശിക്കണമെങ്കിലും ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂണ്‍ 28 മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടേക്കും ജനങ്ങള്‍ കൂട്ടമായി എത്തുന്നുണ്ട്.

Content Highlights: E-pass mandatory for those entering from Kerala, Karnataka to Nilgiris