ദുബായിലെ മരുഭൂമിയിൽ രാത്രികാല ക്യാമ്പിങ്ങിൽ ഏർപ്പെട്ടിരിക്കുന്ന കുടുംബം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
ദുബായ്: ശൈത്യകാലം ആഘോഷമാക്കാൻ മരുഭൂമിയിലും മലയോരമേഖലകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചു. കഠിനമായ തണുപ്പ് വകവെക്കാതെ രാത്രി മുഴുവൻ ടെന്റുകളിൽ തങ്ങാനും ഉല്ലാസയാത്ര നടത്താനും ഒട്ടേെറ മലയാളികളും എത്തുന്നുണ്ട്. റാസൽഖൈമ ജബൽ ജെയ്‌സ് മലനിരകളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. കൂടാതെ ഷാർജ ഫോസിൽ റോക്ക്, ദുബായ് അൽ ഖുദ്ര, ഹത്ത, അബുദാബി റുവൈസിലെ ഷിപ്ക് ബീച്ച് എന്നിവയാണ് തിരക്കേറിയ മറ്റു മേഖലകൾ.
ടെന്റും ഭക്ഷണവും ഉൾപ്പെടെയുള്ള എല്ലാ ഒരുക്കങ്ങളുമായാണ് രാത്രികാല ക്യാമ്പിങ്ങിനായി ആളുകളെത്തുന്നത്. സമുദ്രോപരിതലത്തിൽനിന്ന് 1934 മീറ്റർ ഉയരത്തിലുള്ള ജബൽ ജെയ്‌സിൽ നിന്നാൽ ഉദയാസ്തമയ ദൃശ്യങ്ങൾ കാണാം. യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന മേഖലയാണിവിടം. റാസൽഖൈമയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് ജബൽ ജെയ്‌സ്. ഷാർജ നഗരത്തിൽനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന മലീഹയിലാണ് ഫോസിൽ റോക്ക്. ഇവിടെ ഡെസേർട്ട് സഫാരി നടത്താനും സൗകര്യമുണ്ട്. വിശാലമായ മണൽപ്പരപ്പും ചുണ്ണാമ്പുപാറകളും ഇവിടത്തെ പ്രത്യേകതകളാണ്. അപൂർവയിനം സസ്യങ്ങളും സസ്തനികളുമുണ്ട്. സൺസെറ്റ് ലോഞ്ച്, നൈറ്റ് ക്യാമ്പ്, വാനനിരീക്ഷണം എന്നിവയും സന്ദർശകരെ ആകർഷിക്കും.
ഷാർജയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ അവധി കുടുംബങ്ങൾ വലിയ ആഘോഷപൂർവമാണ് സ്വീകരിച്ചത്. കുടുംബങ്ങളോടൊത്ത് ചെലവഴിക്കാൻ കൂടുതൽ സമയം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലും സ്കൂളുകളിലും ജോലി ചെയ്യുന്ന രക്ഷിതാക്കളിലേറെയും. ചുറ്റിക്കറങ്ങാൻ പറ്റിയ കാലാവസ്ഥയും മിക്കയിടങ്ങളിലും സഞ്ചാരികളുടെ തിരക്ക് വർധിപ്പിച്ചു.
കുടുംബസമേതം പുറത്തിറങ്ങാനും വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും തയ്യാറാവുന്നവരുടെ എണ്ണം കൂടിയതോടെ കടകളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവരുടെയും ഭക്ഷണം കഴിക്കുന്നവരുടെയും എണ്ണം വലിയ തോതിൽ വർധിച്ചതായി വ്യാപാരികൾ പറയുന്നു.
Content Highlights: dubai winter season travel, jebel jais, sharjah fossil rock, al qudra lake, travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..