ദുബായ്: ജൂലായ് ഏഴുമുതൽ വിനോദസഞ്ചാരികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ ദുബായ് വീണ്ടും ആഘോഷദിനങ്ങളെ വരവേറ്റുതുടങ്ങി. വിമാനത്താവളത്തിൽ വന്നിറങ്ങിയ സഞ്ചാരികളെ ദുബായ് ടൂറിസം വകുപ്പ് ഊഷ്മള വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. ആശംസകളറിയിച്ചുള്ള മെമന്റോകൾ നൽകിയാണ് ആദ്യ സഞ്ചാരികളെ വരവേറ്റത്.

വകുപ്പിന്റെ ഏറ്റവും പുതിയ കാമ്പയിനായ 'റെഡി വെൻ യു ആർ ഡിജിറ്റൽ' കാമ്പയിനും ജൂലായ് ഏഴിന് തുടക്കമായി.

ടൂറിസം വകുപ്പിന്റെ മൂന്നാമത് ആഗോള ഡിജിറ്റൽ കാമ്പയിനായിരുന്നു അത്.

'റ്റിൽ വി മീറ്റ് എഗെയിൻ, വി വിൽ സീ യൂ സൂൺ' എന്നീ കാമ്പയിനുകൾക്കുശേഷമാണിത്. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നഗരത്തിലുടനീളം ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഡിജിറ്റൽ കാമ്പയിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: https://www.visitdubai.com/en

ഐ.എം.ജി. വേൾഡ് ഇന്ന് തുറക്കും

ലോകത്തെ ഏറ്റവും വലിയ ഇൻഡോർ തീംപാർക്കുകളിൽ ഒന്നായ ഐ.എം.ജി. വേൾഡ് വെള്ളിയാഴ്ച തുറക്കും. 20 ദിർഹമാണ് പ്രവേശന നിരക്ക്. ഓരോ റൈഡിനും 25 ദിർഹവുമാണ്. മികച്ച സുരക്ഷാമുൻകരുതൽ നടപടികളോടെയാണ് പ്രവർത്തനം. പാർക്ക് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ട്. തെർമൽ സ്ക്രീനിങ് നടത്തായായിരിക്കും പ്രവേശനം. ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ സംഘവും പാർക്കിനുള്ളിൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ദുബായ് സമ്മർ സർപ്രൈസ് തുടങ്ങി

സമ്മർ സർപ്രൈസിന് വ്യാഴാഴ്ച തുടക്കമായി. ഓഗസ്റ്റ് 29 വരെയാണ് മേള. ഷോപ്പിങ് മേളകൾ, നറുക്കെടുപ്പുകൾ, കുട്ടികൾക്കുള്ള പ്രത്യേക ഉല്ലാസ പരിപാടികൾ, ക്രീക്ക്, പാം ജുമൈര എന്നിവിടങ്ങളിലെ കരിമരുന്നുപ്രയോഗം, ഭക്ഷ്യമേളകൾ എന്നിവ ഉണ്ടാകും.

Content Highlights:Dubai Tourism, Dubai Tourism, Department Travel News