Photo: instagram.com/skydivedubai
വിനോദസഞ്ചാര രംഗത്ത് ദുബായ് മികച്ച പുരോഗതി കൈവരിക്കുന്നു. കഴിഞ്ഞവര്‍ഷം 1.43 കോടി സന്ദര്‍ശകര്‍ ദുബായിലെത്തിയതായി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് (ഡി.ഇ.ടി.) അറിയിച്ചു. 2021നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 97 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.
കോവിഡിനുമുമ്പ് 2019 ല്‍ 1.67 കോടി സന്ദര്‍ശകര്‍ ദുബായിലെത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ദുബായില്‍ വിനോദ സഞ്ചാരമേഖല കോവിഡിനുമുമ്പുണ്ടായിരുന്ന നേട്ടത്തിലേക്ക് തിരിച്ചുകയറുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണമാണ് ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ സഹായകരമാവുന്നതെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായിയെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. സന്ദര്‍ശകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ചെയ്തുകൊടുത്തും കൂടുതല്‍ വികസനം സാധ്യമാക്കിയും വിനോദ സഞ്ചാരരംഗത്ത് ദുബായ് കൂടുതല്‍ മികവ് പുലര്‍ത്തുമെന്നാണ് കണക്കുകൂട്ടലെന്നും ശൈഖ് ഹംദാന്‍ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതോടെ കൂടുതല്‍ സന്ദര്‍ശകരാണ് ദുബായിലെത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോകത്തിന്റെ മികച്ച ലക്ഷ്യസ്ഥാനമായി ട്രിപ്പ് അഡ്വൈസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്‌കാരം ദുബായിക്ക് ലഭിച്ചത് മികച്ചനേട്ടമാണ്. ഇത്തരം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ദുബായിക്ക് കൂടുതല്‍ കരുത്ത് പകരുന്നു. അവധിക്കാല യാത്രക്കാരും കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ദുബായ് ആണെന്നത് വിനോദസഞ്ചാര മേഖലയുടെ നേട്ടമാണ്.
Content Highlights: Dubai saw a 97 per cent surge in international overnight visitors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..