ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് ഒരു വയസ്സ്; സന്ദര്‍ശകരായി എത്തിയത് പത്ത് ലക്ഷം പേര്‍


2 min read
Read later
Print
Share

Museum of the Future | Photo: AFP

ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന് വിളിപ്പേരുള്ള ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ കഴിഞ്ഞവര്‍ഷം സന്ദര്‍ശിച്ചത് 163 രാജ്യങ്ങളില്‍ നിന്നായി 10 ലക്ഷത്തിലേറെ പേര്‍. മ്യൂസിയം ഓഫ് ദ ഫ്യൂച്ചര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഗെര്‍ഗാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഫെബ്രുവരി 22നാണ് യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടി ദുബായ് രൂപകല്‍പന ചെയ്ത ഭാവി സങ്കല്പം ആഗോള തലത്തില്‍ ഒരു വര്‍ഷത്തിനകം ശ്രദ്ധപിടിച്ചുപറ്റി.

ഭാവിയുടെ രൂപകല്പനയും സൃഷ്ടികളും ഒരു കെട്ടിടത്തിനുള്ളില്‍ ഒരുക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് മ്യൂസിയം നിര്‍മിച്ചത്. പരമ്പരാഗത മ്യൂസിയങ്ങളെക്കുറിച്ചുള്ള ചിന്താഗതികളെ അടിമുടി മാറ്റുന്നതാണ് എമിറേറ്റിന്റെ ഭാവി മ്യൂസിയം. സാങ്കേതികവിദ്യ, സംരംഭകത്വം, സമ്പദ് വ്യവസ്ഥ, ബഹിരാകാശം, വിനോദസഞ്ചാരം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് 180 ലേറെ പ്രാദേശിക, അന്താരാഷ്ട്ര പരിപാടികള്‍ക്ക് മ്യൂസിയം വേദിയായി്.

മ്യൂസിയത്തിന്റെ രൂപകല്പന, ഉള്ളടക്കം, ഭാവി ശാസ്ത്രങ്ങള്‍ എന്നിവയ്ക്ക് ഇതുവരെ 10 അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചു. ഭാവിയെക്കുറിച്ചുള്ള ദുബായുടെ കാഴ്ചപ്പാടുകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കാന്‍ നിര്‍മിത ബുദ്ധി, റോബോട്ടുകള്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഇവിടെ ഉപയോഗിക്കുന്നത്. 77 മീറ്റര്‍ ഉയരത്തില്‍ 30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന മ്യൂസിയം എമിറേറ്റിന്റെ സുപ്രധാന നാഴികക്കല്ലായി മാറിക്കഴിഞ്ഞു.

സങ്കല്‍ല്പങ്ങളെ കടത്തി വെട്ടുന്ന വിസ്മയങ്ങളുടെ കലവറയാണ് മ്യൂസിയത്തിനകത്ത് കാത്തിരിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങും മുമ്പ് തന്നെ ദുബായിലെ ഭാവിയുടെ മ്യൂസിയത്തെ നാഷണല്‍ ജിയോഗ്രാഫിക് ലോകത്തെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളില്‍ ഒന്നായി വാഴ്ത്തിയിരുന്നു. കെട്ടിടത്തോട് ചേര്‍ന്നുള്ള സ്റ്റേഷന്‍ ഉത്പാദിപ്പിക്കുന്ന 4000 മെഗാവാട്ട് സൂര്യോര്‍ജം കൊണ്ടാണ് മ്യൂസിയം പ്രകാശപൂരിതമാകുന്നത്. മ്യൂസിയത്തിന് ചുറ്റും നിര്‍മിച്ച ഉദ്യാനത്തില്‍ 80 വ്യത്യസ്തതരം ചെടികളുണ്ട്. അവ പരിപാലിക്കുന്നത് ഏറ്റവും അത്യാധുനികമായ സ്മാര്‍ട്ട് ഓട്ടോമാറ്റിക് ജലസേചന സംവിധാനം വഴിയാണ്. സ്റ്റീല്‍ ആവരണമുള്ള കെട്ടിടത്തിന്റെ പുറംഭാഗം മൊത്തം മനോഹരമായ അക്ഷരങ്ങള്‍ കൊത്തവെച്ച് അറബി കാലിഗ്രാഫികൊണ്ട് അലങ്കരിച്ചിരിക്കുന്നു. മൂന്ന് നിലകളില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനം ബഹിരാകാശ വിഭവ വികസനം, ആവാസ വ്യവസ്ഥകള്‍, ബയോ എന്‍ജിനിയറിങ് എന്നിവയിലും ശ്രദ്ധയൂന്നിയിരിക്കുന്നു. ആരോഗ്യം, വെള്ളം, ഭക്ഷണം, ഗതാഗതം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കുന്ന സമീപഭാവി സാങ്കേതികവിദ്യകളും പ്രദര്‍ശനത്തിലുണ്ട്. കുട്ടികള്‍ക്കായി മാത്രമാണ് മ്യൂസിയത്തിലെ മറ്റൊരു നില സമര്‍പ്പിച്ചിരിക്കുന്നത്.

കെട്ടിടത്തിലെ 14,000 മീറ്റര്‍ അറബി കാലിഗ്രാഫി രൂപകല്പന ചെയ്തത് ഇമിറാത്തി കലാകാരന്‍ മത്താര്‍ ബിന്‍ ലാഹിജാണ്. ഏഴ് നിലകളുള്ള തൂണുകളില്ലാത്ത കെട്ടിടത്തിന് 30,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണവും 77 മീറ്റര്‍ ഉയരവുമുണ്ട്. മ്യൂസിയത്തെ രണ്ട് പാലങ്ങളാല്‍ ബന്ധിപ്പിച്ചിരിക്കുന്നു ആദ്യത്തേത് എമിറേറ്റ്‌സ് ടവേഴ്‌സ് വരെ നീളുന്ന 69 മീറ്റര്‍ പാലം. രണ്ടാമത്തേത് എമിറേറ്റ്‌സ് ടവേഴ്‌സ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന 212 മീറ്റര്‍ നീളമുള്ള പാലം.

Content Highlights: Dubai's Museum of the Future attracts one million visitors

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
DUBAI

1 min

ദുബായിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്ക് ഹോട്ടലിൽ താമസം ഫ്രീ; വിമാനക്കമ്പനിയുടെ ഓഫർ

Jun 2, 2023


riyas

1 min

തെങ്ങിന്‍തോപ്പുകളും പുഴയോരവും കടല്‍തീരവും; കേരളം ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാണെന്ന് മന്ത്രി

May 30, 2023


river rafting

1 min

ഭാഗീരഥി നദിയിലൂടെ റിവര്‍റാഫ്റ്റിങ് ചെയ്യാം; സഞ്ചാരികളെ കാത്ത് ഹര്‍സില്‍ താഴ്‌വര

May 26, 2023

Most Commented