ദുബായ് മുഷ്‌രിഫ് നാഷണൽ പാർക്കിലെ സൈക്ലിംഗ് ട്രാക്ക് | Twitter
ദുബായ്: കാട്ടിലൂടെ സൈക്ലിങ് നടത്താന്‍ ദുബായില്‍ അവസരമൊരുങ്ങുന്നു. കുറ്റിക്കാടുകള്‍ക്ക് നടുവിലുള്ള മണല്‍ ട്രാക്കിലൂടെ 50 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാനുള്ള സൗകര്യമാണ് ഒരുക്കുക.
കായികവിനോദത്തിന് പുറമേ സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ക്കായി മുനിസിപ്പാലിറ്റി മുഷ്രിഫ് നാഷണല്‍ പാര്‍ക്കിലാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദുബായിലെ സൈക്ലിങ് ട്രാക്കുകളുടെ ആകെ ദൂരം 739 കിലോമീറ്ററായി. മേഖലയില്‍ ആദ്യമായാണ് ഇത്തരമൊരു ട്രാക്ക് സൈക്ലിങ്ങിനുവേണ്ടി ഒരുക്കുന്നത്. 70,000 മരങ്ങളാണ് പാര്‍ക്കില്‍ പരിപാലിച്ചുവരുന്നത്.
ദുബായ് നഗരത്തിന്റെ തിരക്കില്‍നിന്ന് മാറി പച്ചപ്പും പ്രകൃതിഭംഗിയും ആസ്വദിച്ചുകൊണ്ട് ഇവിടെ സൈക്ലിങ് നടത്താം. പ്രതിദിനം 3000 പേര്‍ക്ക് സൈക്ലിങ് നടത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളതെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹാജിരി പറഞ്ഞു.
പാര്‍ക്കിന്റെ പ്രധാന പ്രവേശന കവാടത്തില്‍നിന്നാരംഭിച്ച് അവിടെ തന്നെ അവസാനിക്കും വിധമാണ് ഇപ്പോള്‍ ട്രാക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. മൂന്നുമീറ്ററാണ് വീതി. തുടക്കക്കാര്‍ക്കുപോലും മികച്ച അനുഭവം പകരാനുതകും വിധമുള്ളതാണിത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മൂന്നുപാലങ്ങള്‍ താണ്ടിവേണം യാത്ര പൂര്‍ത്തിയാക്കാന്‍. എന്നാല്‍ സമഗ്ര പദ്ധതിയില്‍ പത്തുപാലങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി ഹാജിരി പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. സിറ്റി സെന്ററില്‍നിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്ററും മാത്രമാണ് പാര്‍ക്കിലേക്കുള്ള ദൂരം. ദുബായിലെ ഏറ്റവും പഴയ പാര്‍ക്കായ മുഷ്രിഫ് നാഷണല്‍ പാര്‍ക്ക് അപൂര്‍വ സസ്യ ജന്തുജാലങ്ങള്‍ നിറഞ്ഞതാണ്.
Content highlights : dubai mushrif national park sand bike track for adventure tourists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..