ദുബായ്: ഒരിടവേളയ്ക്കുശേഷം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ വണ്ണിൽ യാത്രക്കാരെത്തി. റിയാദിൽ നിന്നുള്ള ഫ്ളൈനാസ് ഫ്ളൈറ്റ് എക്സ്.വൈ.201-ലാണ് ആദ്യ യാത്രക്കാരെത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിക്ക് എയർഇന്ത്യയും ഇവിടെനിന്നും സർവീസ് തുടങ്ങിയിരുന്നു.

അതേസമയം എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ടെർമിനൽ രണ്ടിൽ നിന്നുതന്നെ തുടർന്നും പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോൺകോഴ്സ് ഡിയും വ്യാഴാഴ്ചമുതൽ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. 65-ലേറെ അന്താരാഷ്ട്ര വിമാനങ്ങളുടെ പ്രധാന സ്റ്റേഷനുകളാണ് ടെർമിനൽ വണ്ണും കോൺകോഴ്സ് ഡിയും. ടെർമിനൽ ഒന്ന് വീണ്ടും യാത്രക്കാർക്കായി പ്രവർത്തനമാരംഭിച്ചതോടെ ടെർമിനൽ രണ്ട്, മൂന്ന് എന്നിവയിൽ നിന്നുള്ള യാത്രാവിമാനങ്ങൾ ഘട്ടംഘട്ടമായി ഇങ്ങോട്ട് തിരിച്ചുവിടും.

15 മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടെർമിനൽ വൺ പൂർണപ്രവർത്തനശേഷിയിലേക്ക് എത്തുന്നത്. കോവിഡിനെ തുടർന്ന് തകർന്നടിഞ്ഞ വ്യോമയാന മേഖല പതുക്കെ തിരികെയെത്തുന്നതിനാണ് ഇതോടെ തുടക്കമാവുന്നത്. 2020 മാർച്ച് 25-നാണ് പ്രവർത്തനം ഇവിടെ ഭാഗികമായി നിർത്തിയത്. വ്യോമയാന ഗതാഗത രംഗത്ത് സമീപ ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്ന വൻ വളർച്ച, കൂടുതൽ യാത്രക്കാരെ ദുബായിലേക്ക് എത്തിക്കുമെന്ന കണക്കുകൂട്ടലുകളോടെയാണ് ടെർമിനലിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതെന്ന് ദുബായ് എയർപോർട്സ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.

Content highlights :dubai international airport terminal one reopen after a year