ദുബായ്: കാർണിവൽ കോർപ്പറേഷന്റെ ഐദബെല്ല, കോസ്റ്റ ഫ്രിൻസ് എന്നീ ആഡംബരക്കപ്പലുകളെ സ്വീകരിച്ചുകൊണ്ട് ദുബായ് ക്രൂയിസ് സീസണ് തുടക്കമായി. 16, 17 തീയതികളിലാണ് കപ്പലുകൾ ദുബായ് തുറമുഖത്ത് നങ്കൂരമിട്ടത്. രണ്ടു കപ്പലുകളിലുമായി 2450 യാത്രക്കാരെയും 1900 ജീവനക്കാരെയും ഉൾക്കൊള്ളും.

323 മീറ്റർ നീളമുള്ള പുതിയ കോസ്റ്റ ഫ്രിൻസ് കപ്പലിന്റെ പ്രഥമ ദുബായ് യാത്രയാണിത്. ‘സഞ്ചരിക്കുന്ന നഗരം’ എന്നുവിശേഷിപ്പിക്കപ്പെടുന്ന കപ്പലിൽ 969 ബാൽക്കണി ക്യാബിനുകളും 13 റെസ്റ്റോറന്റുകളും ഏഴ് ലോഞ്ചുകളും ഒരു വാട്ടർപാർക്കും ബ്രോഡ്‌വേ തിേയറ്ററും ഉൾപ്പെടും. ക്ലാസിക് ഇറ്റാലിയൻ തെരുവുകളുടെയും നഗരചത്വരങ്ങളുടെയും മാതൃകയിലുള്ള അകത്തളമാണ് കപ്പലിലുള്ളത്. 252 മീറ്റർ നീളമുള്ള ഐദബെല്ല നവംബറിലെ കന്നിയാത്രയ്ക്കുശേഷം ദുബായ് തീരത്തെത്തിയതാണ്. ജപ്പാനീസ് മാതൃകയിലുള്ള അകത്തളവും റണ്ണിങ് ട്രാക്കുകളും ഗോൾഫ് കോഴ്‌സുകളും കപ്പലിന്റെ പ്രത്യേകതയാണ്.

ക്രൂയിസ് ടൂറിസം ദുബായ് വിനോദസഞ്ചാര വകുപ്പിന്റെ സുപ്രധാന ഭാഗമാണ്. പത്തുവർഷത്തിനിടെ ജലവിനോദകേന്ദ്രമെന്ന നിലയ്ക്ക് ആഗോളതലത്തിൽ ദുബായുടെ സ്ഥാനം ഉയർന്നിട്ടുണ്ട്. പുതിയ സീസണിൽ 126 ആഡംബരക്കപ്പലുകളും അഞ്ചുലക്ഷം സന്ദർശകരും ദുബായ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര, കടൽ, വായു മാർഗങ്ങളിലൂടെയുള്ള വിനോദസഞ്ചാര സാധ്യതകൾ ഉയർത്തുന്നതിലൂടെ വിനോദവ്യവസായരംഗങ്ങളിലുണ്ടായ തളർച്ചയെ ദുബായ് മറികടക്കുമെന്ന് കോർപ്പറേഷൻ ഫോർ ടൂറിസം ആൻഡ് കൊമേഴ്‌സ് സി.ഇ.ഒ. ഇസാം കാസിം പറഞ്ഞു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ടൂറിസം വികസനാശയങ്ങളുടെ ഭാഗമായാണിത്. താമസിക്കാനും ജോലി ചെയ്യാനും ആഘോഷിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലമാക്കി ദുബായിയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കപ്പലുകളെ ഉൾക്കൊള്ളുന്ന നവീനമായ ക്രൂയിസ് ടെർമിനലാണ് ദുബായ് തുറമുഖത്തുള്ളത്. മണിക്കൂറിൽ 3250 യാത്രികരെ ഉൾക്കൊള്ളാനാകുംവിധമുള്ള സജ്ജീകരണം ഇവിടെയുണ്ട്. കസ്റ്റംസ് പരിശോധനയ്ക്കും മറ്റ് നടപടികൾക്കും നൂതന സംവിധാനങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.

Content Highlights: Dubai cruise season, cruise ship in Dubai, moving town reached in Dubai