പാരീസ്: ലോക സഞ്ചാരികള്‍ കൂട്ടമായെത്തുന്ന പാരീസിലെ അതിപ്രശസ്തമായ ഡിസ്‌നി ലാന്‍ഡ് ജൂണ്‍ 17 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. 17000-ത്തോളം ആളുകള്‍ ജോലി ചെയ്യുന്ന ഡിസ്‌നി ലാന്‍ഡ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 മുതല്‍ ജൂലായ് 15 വരെ അടച്ചിട്ടിരുന്നു. 

പിന്നീട് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ തുറന്നെങ്കിലും രണ്ടാം തരംഗം ശക്തമായതോടെ ഈ വര്‍ഷം ഏപ്രില്‍ രണ്ടിന് വീണ്ടും അടച്ചു. ഫെബ്രുവരിയില്‍ ഏറെ സഞ്ചാരികള്‍ ഇവിടേത്ത് പറന്നെത്തിയിരുന്നു.

കഴിഞ്ഞ മാസം ഡിസ്‌നി ലാന്‍ഡിനെ കോവിഡ് വാക്‌സിനേഷന്‍ സെന്ററാക്കി ഫ്രാന്‍സ് സര്‍ക്കാര്‍ മാറ്റിയിരുന്നു. ആറുവയസ്സിന് മുകളിലുള്ളവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. 

നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പാര്‍ക്കിലേക്ക് പ്രവേശിക്കാനാകൂ. 1992 ഏപ്രില്‍ 12 നാണ് ഡിസ്‌നി ലാന്‍ഡ് സഞ്ചാരികള്‍ക്കിടയിലേക്ക് എത്തുന്നത്. പിന്നീട് 2002-ല്‍ വാള്‍ട്ട് ഡിസ്‌നി അവിടെ സ്റ്റുഡിയോ പാര്‍ക്ക് കൂടി നിര്‍മിച്ചതോടെ ഡിസ്‌നി ലാന്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച പാര്‍ക്കുകളില്‍ ഒന്നായി മാറി. 

Content Highlights: Disneyland Paris all set to welcome visitors from June 17