ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ക്കൊട്ടാരമുണ്ടാക്കി സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ് ഡെന്മാര്‍ക്ക്. ഡെന്മാര്‍ക്കിലെ കടലോര പട്ടണമായ ബ്ലോഖസിലാണ് ഈ പടുകൂറ്റന്‍ മണല്‍ക്കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്.

21.16 മീറ്റര്‍ ഉയരമുള്ള ഈ നിര്‍മിതിയ്ക്ക് ഏകദേശം 5000 ടണ്‍ ഭാരമുണ്ടാകും. ഗിന്നസ് ലോക റെക്കോഡിന്റെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മണല്‍ കൊട്ടാരമാണിത്. ഇതുവരെ റെക്കോഡ് സ്വന്തമാക്കിവെച്ചത് ജര്‍മനിയാണ്.

2019-ലാണ് ജര്‍മനിയില്‍ വലിയൊരു മണല്‍ക്കൊട്ടാരം നിര്‍മിച്ചത്. എന്നാല്‍ അതിന് ഡെന്മാര്‍ക്കിലുള്ളതിനേക്കാള്‍ മൂന്ന് മീറ്റര്‍ കുറവാണ്. 4860 ടണ്‍ മണലുപയോഗിച്ചാണ് ഡെന്മാര്‍ക്കിലെ മണല്‍ക്കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. 

ഡച്ചുകാരനായ വില്‍ഫ്രെഡ് സ്റ്റൈഗറാണ് ഈ നിര്‍മിതിയുടെ പിന്നിലെ ബുദ്ധികേന്ദ്രം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മണല്‍ ശില്‍പ്പികള്‍ സ്റ്റൈഗര്‍ക്കൊപ്പം കൈകോര്‍ത്തു. കൊറോണ വൈറസുമായി ബന്ധപ്പെട്ട തീമിലാണ് കൊട്ടാരം പണിതിരിക്കുന്നത്. 

അടുത്ത വര്‍ഷം മാര്‍ച്ച് വരെ കൊട്ടാരം കേടുപാടുകളില്ലാതെ നില്‍ക്കും. അതുകൊണ്ട് ഇക്കാലയളവില്‍ പരമാവധി സഞ്ചാരികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഡെന്മാര്‍ക്ക്.

Content Highlights: Denmark is now home to the world’s largest sandcastle