സച്ചിന്‍ തെണ്ടുല്‍ക്കറും റിക്ഷ വലിക്കുന്ന സല്‍മാന്‍ഖാനും ലിയോനാര്‍ഡോ ഡി കാപ്രിയോയുമെല്ലാം ഒരുമിച്ച് നില്‍ക്കുന്നയിടം. അതായിരുന്നു ഡല്‍ഹിയിലെ മാഡം ട്യൂസാഡ്‌സ് മ്യൂസിയം. നിരവധി പേരാണ് മെഴുകില്‍ തീര്‍ത്ത, ഒറിജിനലിനെ വെല്ലുന്ന അപരന്മാരെ കാണാന്‍ എത്തിയിരുന്നത്. ഇപ്പോഴിതാ കൊണാട്ട് പ്ലേസില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയം അടച്ചുപൂട്ടാനൊരുങ്ങുകയാണ്.

മാതൃകമ്പനിയായ മെര്‍ലിന്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ഇന്ത്യവിടുന്നതിന്റെ ഭാഗമാണിത്. മാഡം ട്യൂസാഡ്‌സ് അടച്ചുപൂട്ടുകയാണെന്ന് മെര്‍ലിന്‍ എന്റര്‍ടെയിന്‍മെന്റ്‌സ് ജനറല്‍ മാനേജരും ഡയറക്ടറുമായ അന്‍ഷുല്‍ ജെയിന്‍ സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചുമുതല്‍ ഇവിടം അടച്ചിട്ടിരിക്കുകയായിരുന്നു.

ഏറെ അധ്വാനവും നിക്ഷേപവുമെല്ലാം വേണ്ടിവന്ന മാഡം ട്യൂസാഡ്‌സ് ഇന്ത്യ വിടുന്നത് കൊണാട്ട് പ്ലേസിനെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണെന്ന് വസ്തു ഉടമസ്ഥനായ വിക്രം ബക്ഷി പറഞ്ഞു. കമ്പനി ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങുന്നത് ആ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് തുല്യമാണ്. മാഡം ട്യൂസാഡ്‌സുമൊത്ത് പ്രവര്‍ത്തിച്ച എല്ലാ പങ്കാളികളോടും സന്ദര്‍ശകരോടും നന്ദിയറിയിക്കുന്നതായും ബക്ഷി പറഞ്ഞു.

2017-ലായിരുന്നു മാഡ് ട്യൂസാഡ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. യഥാര്‍ത്ഥവ്യക്തികളുടെ ജീവന്‍ തുടിക്കുന്ന മെഴുകുപ്രതിമകളോടുള്ള ആഗോളഭ്രമം മുന്‍നിര്‍ത്തിയാണ് ഡല്‍ഹിയിലും ഇത്തരത്തിലുള്ള മ്യൂസിയം തുടങ്ങിയത്.
Content Highlights: Delhi’s Madame Tussauds set to shut operations