Image : Gettyimages
ദുബായ്: ലോകത്തിലെ ഏറ്റവും ആഴമേറിയതും വലുതുമായ നീന്തല്‍കുളം ബുധനാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ദുബായ് നാദ് അല്‍ ഷെബയില്‍ നിര്‍മിച്ചിരിക്കുന്ന 60.02 മീറ്റര്‍ ആഴമുള്ള 'ഡീപ് ഡൈവ്' നീന്തല്‍കുളമാണ് തുറന്നുകൊടുക്കുന്നത്. 14 ദശലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനാവുന്ന നീന്തല്‍കുളത്തിന് ആറോളം ഒളിമ്പിക് സൈസ് പൂളുകളുടെ വലുപ്പമുണ്ട്. ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളമെന്ന ഗിന്നസ് റെക്കോഡ് നിലവില്‍ ഈ പൂളിനാണ്. 1500 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. എല്ലാ ഡൈവിങ് ഉപകരണങ്ങളും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 ദിര്‍ഹമാണ് നിരക്ക്. സ്കൂബ ഡൈവിങ്, സ്നേര്‍ക്കെലിങ് തുടങ്ങി വെള്ളത്തിനടിയിലെ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ മികച്ച അനുഭവം ലഭിക്കും.
ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമാണ് പ്രവേശനം: deepdivedubai.com. ബുധന്‍ മുതല്‍ ഞായര്‍ വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനസമയം. പാര്‍ക്കിങ് സൗജന്യമാണ്. ഡൗണ്ടൗണ് ദുബായില്‍നിന്ന് 15 മിനിറ്റ് ഡ്രൈവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 20 മിനിറ്റ് ഡ്രൈവും മാത്രമാണ് ഇവിടേക്കുള്ളത്. സ്കൂബ ഡൈവിങ്, സ്നോര്‍ക്കലിങ് എന്നിവയ്ക്ക് ഡൈവിങ് സര്ട്ടിഫിക്കേഷന് ആവശ്യമില്ല. ഡീപ് ഡൈവ് ദുബായ് എല്ലാ പ്രായക്കാരെയും ആവേശഭരിതമാക്കുമെന്ന് ദുബായ് ഡയറക്ടര്‍ ജാറോഡ് ജാബ്ലോന്‍സ്കി പറഞ്ഞു.

10 വയസ്സും അതില്‍ കൂടുതലുള്ളവര്‍ക്കുമായി പ്രത്യേക കോഴ്സുകളും ടൂറുകളും സജ്ജമാക്കിയിട്ടുണ്ട്. കോഴ്സുകള്‍ ഡിസ്കവര്, ഡൈവ്, ഡവലപ്പ്മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഫ്രീഡൈവിങ്, സ്കൂബ ഡൈവിങ് പരിശീലനത്തിനായി അന്താരാഷ്ട്ര ഡൈവിങ് പ്രൊഫഷണലുകളുടെ ഒരു സംഘം ഉണ്ടാകും. നൂതന ഹൈപ്പര്‍ബാറിക് ചേംബര്‍ ഉള്‍പ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതിനുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്.
Content highlights : deepest swimming pool in the world deep dive in uae dubai open now
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..