ആലപ്പുഴ ബീച്ചിൽ ഇരുട്ടിലായ പടക്കപ്പൽ
ബീച്ചില്‍ സ്ഥാപിച്ച പടക്കപ്പല്‍ കാണാന്‍ വെളിച്ചമില്ല. പോര്‍ട്ട് മ്യൂസിയത്തിന്റെ ഭാഗമായി 2021 ഒക്ടോബറില്‍ ബീച്ചില്‍ സ്ഥാപിച്ച നാവിക സേനയുടെ പഴയ യുദ്ധക്കപ്പല്‍ (ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്‍ഫാക്) ടി 81) കാണാനായി ദിവസവും ആയിരത്തോളം സഞ്ചാരികളാണ് എത്തുന്നത്. ഇരുട്ടുവീണു കഴിഞ്ഞാല്‍ കപ്പല്‍ കാണാനാവില്ല. കപ്പലിലോ കപ്പലിനു ചുറ്റുമോ വെട്ടത്തിനായി ഒരു ലൈറ്റ് പോലും സജ്ജീകരിച്ചിട്ടില്ല.
പ്രതാപം നഷ്ടമായ ആലപ്പുഴ തുറമുഖത്തിന്റെ മുഖഛായ മാറ്റുന്നതിനായി മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തനങ്ങളിലൊന്നാണ് ഇപ്പോള്‍ അനാഥമായിക്കിടക്കുന്നത്. കാഴ്ചക്കാര്‍ക്കു കപ്പലിനുള്ളില്‍ പ്രവേശിക്കാനുള്ള സൗകര്യം മുസിരിസ് പൈതൃക പദ്ധതി അധികൃതര്‍ ഒരുക്കുമെന്ന് കപ്പല്‍ ബീച്ചില്‍ എത്തിച്ച അവസരത്തില്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും അതിനുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടില്ല.
ആലപ്പുഴ ബീച്ചിന്റെ അടയാളമായിരുന്ന കടല്‍പ്പാലം ദ്രവിച്ചു നശിച്ചു. ഇവിടെ ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി പുതിയ കടല്‍പ്പാലം നിര്‍മിക്കാനുള്ള പദ്ധതിയും ഇന്‍ഫാക് ടി 81 പ്രദര്‍ശിപ്പിക്കാനായി മ്യൂസിയം തയ്യാറാക്കാനുള്ള പ്രത്യേക പദ്ധതിയും എങ്ങുമെത്താതെ കിടക്കുകയാണ്.
രാത്രി വൈകിയും ആലപ്പുഴ ബീച്ചില്‍ വിനോദ സഞ്ചരികളും കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളും എത്തുന്നുണ്ടെങ്കിലും വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ബീച്ചിലെ നിരവധി തെരുവ് വിളക്കുകളും ദിവസവും തെളിയുന്നില്ല. തെരുവുനായ ശല്യവും വര്‍ദ്ധിച്ചു വരികയാണ്.
ഡി.ടിപി.സി. യുടെ ഉടമസ്ഥതയിലാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പലതവണ പരാതിപ്പെട്ടിട്ടും തെരുവുനായ ശല്യത്തിന് ശമനമില്ലെന്നാണ് ആരോപണം. കേരളത്തിന്റെ ഭാവി ടൂറിസമെന്നു സര്‍ക്കാര്‍ പ്രഖ്യപിക്കുമ്പോള്‍ ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുവാനും മുന്‍കൈ എടുക്കണമെന്ന് സഞ്ചാരികള്‍ പറയുന്നു.
Content Highlights: decommissioned naval ship, port museum alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..