പീരുമേട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഓഫ് റോഡ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. സമുദ്രനിരപ്പിൽനിന്ന്‌ 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പരുന്തുംപാറയിലും വാഗമണിലും നിരവധി ഓഫ് റോഡ് വാഹനങ്ങളാണ് ദിവസേനയെത്തുന്നത്. സാഹസികമായ രീതിയിൽ മലമുകളിലൂടെയും പുൽമേടുകളിലൂടെയും വാഹനമോടിക്കുന്നത് പതിവാണ്.

ക്രിസ്മസ് പുതുവത്സരദിനത്തോടനുബന്ധിച്ച് നിരവധി സഞ്ചാരികളാണ് ഇവിടേക്ക്‌ എത്തുന്നത്. മറ്റുള്ള വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഭീഷണിയായാണ് ഓഫ് റോഡ് ഡ്രൈവിങ് നടക്കുന്നത്.

കഴിഞ്ഞ ദിവസം പരുന്തുംപാറയിൽ സാഹസിക പ്രകടനം നടത്തിയ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായി. മലമുകളിലേക്ക് ഓടിച്ചുകയറ്റുന്നതിനിടെയാണ് ജീപ്പ് തലകീഴായി മറിഞ്ഞത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇയാൾക്ക് നിസ്സാര പരിക്കാണ് ഏറ്റത്. ഉരുളൻ കല്ലുകൾക്ക് മുകളിലൂടെ യാതൊരു സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെയാണ് വാഹനങ്ങൾ ഓടിക്കുന്നത്.

ഭീതിപ്പെടുത്തുന്ന ഇത്തരം യാത്രകൾ ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ടുവർഷം മുമ്പ് സഞ്ചാരികളുമായി എത്തിയ ജീപ്പ് ഓഫ് റോഡ് സഫാരിക്കിടെ അപകടത്തിൽപ്പെടുകയും സഞ്ചാരികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതേത്തുടർന്ന് പീരുമേട് പോലീസ് ഓഫ് റോഡ് സഫാരിക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ, പാലിക്കപ്പെട്ടില്ല.

Parunthumpara Police Outpost
പരുന്തുംപാറയിൽ പണി പൂർത്തിയായിക്കിടക്കുന്ന പോലീസ് ഔട്‌പോസ്റ്റ് കെട്ടിടം

മിക്ക ദിവസങ്ങളിലും ഇവിടെ ഓഫ് റോഡ് ഡ്രൈവിങ് നടക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഇത്തരം ഡ്രൈവിങ് നടക്കുന്നതാണ് ഭീഷണിക്ക് കാരണമാകുന്നത്. കേന്ദ്രത്തിൽ പോലീസിന്റെ സേവനം വേണമെന്ന ആവശ്യവും ശക്തമാണ്.

പോലീസ് ഔട്‌പോസ്റ്റ് കെട്ടിടം പണി പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനമാരംഭിച്ചിട്ടില്ല. ജലവിതരണസംവിധാനം ഇല്ലാത്തതാണ് ഇതിന് കാരണമായി അധികാരികൾ പറയുന്നത്.

Content Highlights: dangerous off road trips in parunthumpara, peermade police, adventure travel idukki