മൊയ്തീൻകുഞ്ഞി ഹാജി
വ്യായാമം പലതുണ്ടെങ്കിലും സൈക്ലിങ്ങിലൂടെ ജീവിതശൈലീ രോഗങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുകയാണ് 69 -കാരനായ കാസര്‍കോട് പൊയിനാച്ചി സ്വദേശി കെ. മൊയ്തീന്‍കുഞ്ഞി ഹാജി. വട്ടത്തില്‍ ചവിട്ടി ഒരുദിവസം ഇദ്ദേഹം നീളത്തിലോടുന്നത് 50 കിലോമീറ്റര്‍ ദൂരം. കൂട്ടിനാളുണ്ടെങ്കിലും ഇല്ലെങ്കിലും നാലുവര്‍ഷമായി പതിവുതെറ്റാത്ത യാത്ര. മഴയും മഞ്ഞും കണക്കാക്കില്ല. വെയിലാകുമ്പോളേക്കും യാത്ര പൂര്‍ത്തിയാക്കി വീടായ പൊയിനാച്ചിയിലെ മദര്‍ഗിഫ്റ്റില്‍ തിരിച്ചെത്തും.
കോവിഡിന് മുന്‍പ് 15-20 കിലോമീറ്ററായിരുന്നു ഒരുദിവസത്തെ സൈക്കിള്‍ യാത്ര. സൈക്ലിങ് ശീലമാക്കിയതോടെ റൈഡേഴ്‌സ് ക്ലബുകളില്‍ സജീവമായി. പ്രഭാത സംഘയാത്രകള്‍ അതോടെ കൂടി. അഡ്വ. പി.എ. ഫൈസല്‍ പ്രസിഡന്റും അസ്ഹര്‍ സിംഗപ്പൂര്‍ സെക്രട്ടറിയുമായ കാസര്‍കോട് ഡിസ്‌കവര്‍ റൈഡേഴ്‌സിന്റെ രക്ഷാധികാരിയാണ് മൊയ്തീന്‍കുഞ്ഞി. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ള 190 പേര്‍ ഈ ക്ലബില്‍ അംഗങ്ങളാണ്. കൂട്ടത്തില്‍ 55-ല്‍ കവിഞ്ഞ പ്രായമുള്ളത് ഇദ്ദേഹത്തിനുമാത്രം.
സൈക്കിളിങ് തന്നെ ചെറുപ്പക്കാരനാക്കുകയാണെന്ന് മൊയ്തീന്‍കുഞ്ഞി പറയുന്നു. കൊളസ്‌ട്രോളും രക്തസമ്മര്‍ദവും അലട്ടുന്നില്ല. തൂക്കം 96 കിലോയില്‍നിന്ന് 75 കിലോയിലെത്തി. പ്രഭാത നമസ്‌കാരം കഴിഞ്ഞാല്‍ എന്നും യാത്ര പുറപ്പെടും. ദേളി മേല്‍പ്പറമ്പ് വഴി സംസ്ഥാനപാതയിലൂടെ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി ജങ്ഷന്‍ വരെ പോയി ദേശീയപാതവഴി തിരിച്ച് വീട്ടിലേക്ക്.
മൊബൈല്‍ഫോണിലെ സ്ട്രാവ ആപ്പില്‍ ലിങ്ക് ചെയ്താണ് ഓരോ യാത്രയും. ഇതുവരെ കാല്‍ ലക്ഷം കിലോമീറ്റര്‍ സൈക്കിള്‍യാത്ര ചെയ്തുവെന്നാണ് ആപ്പില്‍ മൊയ്തീന്‍കുഞ്ഞിയെപ്പറ്റിയുള്ള വിവരണം. ഒന്നരലക്ഷം വിലയുള്ള ജാവ സൈക്കിളിലാണ് ഇദ്ദേഹം അധികവും സവാരിചെയ്തിരുന്നത്. അടുത്തിടെ മകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇത് ഷാര്‍ജയിലേക്ക് കൊണ്ടുപോയി.
ഇപ്പോള്‍ 70,000 രൂപാ വിലയുള്ള ജിയാന്റ് സൈക്കിളിലാണ് യാത്ര. സൈക്കിള്‍ ഹരമായതോടെ സ്വന്തം ആവശ്യത്തിന് കാര്‍ ഓടിക്കുന്നതും കുറഞ്ഞു. സര്‍വീസ് വേളയില്‍ ഓടിത്തീരേണ്ട നിശ്ചിത കിലോമീറ്റര്‍ പോലും കാറിന് ഓട്ടമില്ല. പള്ളിയില്‍ പോകുന്നതും മീന്‍ വാങ്ങാന്‍ ചന്തയില്‍ പോകുന്നതുമെല്ലാം സൈക്കിളില്‍.
മക്കളായ കുണിയയിലുള്ള ഖൈറുന്നിസയെയും കാഞ്ഞങ്ങാട്ടുള്ള ഫാത്തിമത്ത് സുഹ്‌റയെയും മേല്‍പ്പറമ്പിലുള്ള ആയിഷത്ത് അഫീദയെയും കാണാന്‍ പോകുന്നതും സൈക്കിളില്‍ത്തന്നെ. സകുടുംബ യാത്രയ്ക്ക് മാത്രമാണ് കാറിനെ ആശ്രയിക്കുന്നത്.
മനസ്സ് ഏറ്റെടുത്താല്‍ സൈക്ലിങ് ഏറ്റവും പോസിറ്റീവായ അനുഭവമാണെന്നാണ് മൊയ്തീന്‍കുഞ്ഞിയുടെ അഭിപ്രായം. ആറുവരിയാവുന്നതോടെ ദേശീയപാതയില്‍ സൈക്കിള്‍യാത്രയ്ക്ക് നിയന്ത്രണം ഉണ്ടാകുമെന്ന ആശങ്കയും ഇദ്ദേഹത്തിനുണ്ട്. എങ്കിലും തന്റെ യാത്ര സംസ്ഥാനപാതയിലൂടെ തുടരാനാണ് തീരുമാനം.
Content Highlights: world bicycle day


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..