ന്യൂഡൽഹി: അർബുദത്തിൽനിന്ന് കുട്ടികളെ രക്ഷിക്കൂവെന്ന സന്ദേശം ഹിമാലയൻ മലനിരകൾ വരെയെത്തിക്കാൻ മലയാളിയുവാക്കൾ. കോഴിക്കോട് രാമനാട്ടുകര സ്വദേശികളായ അശ്വിൻ മോഹൻദാസ്, അമൽ സി.കെ. എന്നിവരാണ് സൈക്കിളിൽ സഞ്ചരിച്ച് അർബുദമുക്ത സമൂഹത്തിനായുള്ള സന്ദേശം പ്രചരിപ്പിക്കുന്നവർ. ബാല്യകാല അർബുദത്തിൽനിന്ന് രക്ഷിച്ച് കുട്ടികളുടെ സ്വപ്നം സാക്ഷാത്കരിക്കൂവെന്നാണ് സൈക്കിൾ യാത്രയിൽ അവർ പങ്കുവെക്കുന്ന സന്ദേശം.

പുതുക്കോട് അദ്വൈത മിഷൻ സ്കൂളിൽ ഏഴാം ക്ലാസു വരെ സഹപാഠികളായിരുന്നു അശ്വിനും അമലും. എൽ.ഐ.സി. ഏജന്റായ മോഹൻദാസിന്റെയും സിന്ധുവിന്റെയും മകനായ അശ്വിൻ ഇപ്പോൾ തിരൂരങ്ങാടി പോളിടെക്‌നിക്കിൽ വിദ്യാർഥിയാണ്. ഇഗ്നോയിൽ മനഃശാസ്ത്ര വിദ്യാർഥിയാണ് വെൽഡിങ് ജോലിക്കാരനായ സി.കെ. ശശി - ഷീബ ദമ്പതിമാരുടെ മകനായ അമൽ. മക്കളുടെ സൈക്കിൾ യജ്ഞത്തിന് റിപ്പബ്ലിക് ദിനത്തിൽ രണ്ടുപേരുടേയും അച്ഛന്മാർ ഫ്ളാഗ് ഓഫ് നിർവഹിച്ചു.

സൈക്കിളിൽ രാജ്യം ചുറ്റുന്നതിൽ ആദ്യം രണ്ടു വീട്ടുകാർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീടതെല്ലാം മാറി. ഇരുവരും മൈസൂരും ഗുണ്ടൽപേട്ടും ഝാൻസിയും ആഗ്രയുമൊക്കെ സഞ്ചരിച്ച ശേഷം ബുധനാഴ്ച ഡൽഹിയിലെത്തി. ജി.പി.എസ്. ഘടിപ്പിച്ച സൈക്കിളിൽ ദിവസവും രാവിലെ ആറു മുതൽ വൈകീട്ട് ഏഴു വരെ നൂറ്റമ്പതു കിലോമീറ്ററോളമാണ് സഞ്ചാരം. പെട്രോൾ പമ്പിലും മറ്റുമായിട്ടാണ് അന്തിയുറക്കം. വഴിയിൽ കാണുന്നവരോടെല്ലാം തങ്ങളുടെ യാത്രയുടെ സന്ദേശം വിവരിക്കും. ആന്ധ്രയിൽ വീടുകളിലൊക്കെ കൊണ്ടുപോയി ആളുകൾ സ്വീകരണം നൽകിയതിന്റെ ആവേശകരമായ അനുഭവവും ഇരുവരും പങ്കുവെച്ചു.

ഓരോയിടത്തും സഞ്ചരിച്ചതിന്റെയും സംസാരിച്ചതിന്റെയും വിവരങ്ങൾ യു-ട്യൂബ് ചാനലിൽ പോസ്റ്റു ചെയ്യുന്നുണ്ട്. അതുവഴി ലഭിക്കുന്ന വരുമാനവും ജനങ്ങളിൽനിന്നു കിട്ടുന്ന സംഭാവനകളുമൊക്കെ കോഴിക്കോട് മെഡിക്കൽ കോളേജിലെ അർബുദ രോഗികളെ ചികിത്സിക്കാനായി നൽകുന്നു. മെഡിക്കൽ കോളേജിലെ ഹോപ്പ് എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ സഹായയജ്ഞം.

Content Highlights: Cycle Travel to Himalaya, Himalaya Travel, All India Trip in Cycle, Kozhikode to Himalaya