ഒരു നാടന്‍ സൈക്കിളില്‍ ലോകകാഴ്ചകള്‍ തേടിയിറങ്ങുകയാണ് ഫൈസല്‍ അഹമ്മദ് എന്ന യുവസഞ്ചാരി. കാടും കടലും മലയും താണ്ടി ഒരു യാത്ര; ബത്തേരിയില്‍നിന്ന് സിങ്കപ്പൂരിലേക്ക്. ഒമ്പത് രാജ്യങ്ങളിലൂടെ നീളുന്നതാണ് ഫൈസലിന്റെ യാത്ര. കുട്ടിക്കാലംമുതല്‍ യാത്രകള്‍ ഹരമായിരുന്നു ഫൈസലിന്. ആ യാത്രകള്‍ തന്നെയാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ രണ്ടാമതൊന്നാലോചിച്ചില്ല, സൈക്കിളുമെടുത്ത് ലോകം ചുറ്റിക്കാണാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണിപ്പോള്‍.
ശനിയാഴ്ച രാവിലെ 11 മണിക്ക് ബത്തേരി വില്‍ട്ടന്‍ ഹോട്ടലിന് സമീപത്ത് യുവസഞ്ചാരിയും ട്രാവല്‍ വ്‌ലോഗറുമായ അഷ്‌റഫ് എക്‌സല്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. വയനാട്ടില്‍നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലും ശ്രീനഗറിലും മണാലിയിലും യു.പി.യിലുമെല്ലാം കറങ്ങിയ ശേഷമാണ് അതിര്‍ത്തി കടക്കുക. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, തായ്‌ലാന്‍ഡ്, ലാവോസ്, കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍ എന്നിങ്ങനെ ഒമ്പത് രാജ്യങ്ങള്‍ പിന്നിടും ഫൈസലിന്റെ സ്വപ്ന യാത്ര.
ആത്മവിശ്വാസമുണ്ടെങ്കില്‍ ആര്‍ക്കും ലോകംചുറ്റാനാകുമെന്നാണ് ഫൈസല്‍ പറയുന്നത്. യാത്രചെയ്യാന്‍ പണമോ ഭാഷയോ തടസ്സമല്ല. ഒന്നര വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്നയാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിലും ചിലപ്പോള്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ അധികമെടുക്കുമെന്നാണ് ഫൈസല്‍ പറയുന്നത്. ഓരോ സ്ഥലങ്ങളിലുമെത്തി അവിടെ താമസിച്ച്, ആവശ്യത്തിന് വിശ്രമമെടുത്താവും യാത്രതിരിക്കുക. രാജ്യത്തിനകത്തുള്ള സഞ്ചാരപാതയിലൊക്കെ സമാനമനസ്‌കരായ സഞ്ചാരപ്രിയരുടെ സൗഹൃദവും ആതിഥേയത്വവുമുണ്ടാകും. അനാവശ്യ ചെലവുകള്‍ അപ്പാടെ ഒഴിവാക്കിയാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്.
ടെന്റുകെട്ടും സ്വന്തമായി പാകം ചെയ്യും
ഹോട്ടലിലെ ചെലവ് ഒഴിവാക്കുന്നതിനായി ടെന്റുകെട്ടിയാണ് താമസം. ഭക്ഷണം സ്വന്തമായി പാകം ചെയ്തുകഴിക്കുന്നതിനായി പാത്രങ്ങളും കരുതും. ഫൈസല്‍ 2019ല്‍ ബുള്ളറ്റുമായി രണ്ടരമാസം കൊണ്ട് ലേലഡാക്കിലേക്കും അവിടെനിന്ന് നേപ്പാളിലും ഭൂട്ടാനിലുമെല്ലാം പോയിവന്നിട്ടുണ്ട്. ഇതേ വര്‍ഷം തന്നെ ആര്‍.എക്‌സ്100 ല്‍ രാജ്യമൊട്ടാകെ കറങ്ങി. ആ യാത്രകളില്‍നിന്ന് പകര്‍ന്നുകിട്ടിയ ഊര്‍ജമാണ് സൈക്കിളില്‍ ലോകം ചുറ്റാം എന്ന ആലോചനയിലേക്ക് ഫൈസലിനെ എത്തിച്ചത്.
എന്നാല്‍, വിലപിടിപ്പുള്ള ആധുനിക സൈക്കിളുകള്‍ക്കു പകരം അറ്റ്‌ലസിന്റെ ഒരു സാധാസൈക്കിളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഈ സൈക്കിളിന് കാര്യമായ പരിപാലനങ്ങള്‍ ആവശ്യമില്ലെന്നതാണ് കാരണം. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇതിന് മുമ്പ് സൈക്കിള്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും, രണ്ട് മാസം മുമ്പ് പുതിയ സൈക്കിള്‍ വാങ്ങി 2500 കിലോമീറ്ററോളം ദൂരം വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും തന്റെ AMR SURVIVAL എന്ന യുടൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യും. ബത്തേരി പുത്തന്‍കുന്നിലെ കോട്ടപ്പര അലവിയുടെയും ആമിനയുടെയും മകനായ ഫൈസല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കല്പറ്റയിലും ബത്തേരിയിലും ബൈക്കിന്റെ ആക്‌സസറീസ് ഷോപ്പ് നടത്തിവരികയായിരുന്നു. യാത്രകള്‍ ഒരു ഹരമായതോടെ കച്ചവടം സുഹൃത്തുക്കളെ ഏല്‍പ്പിച്ചാണ് പുറപ്പെടുന്നത്. സീനത്താണ് ഭാര്യ. ഏഴ് മാസം പ്രായമുള്ള ആയിഷ മഹന്നൂറാണ് മകള്‍.
Content Highlights: cycle journey of Faisal from Sulthan Bathery to Singapore