ന്യൂഡല്‍ഹി: യാത്രകള്‍ തന്നെയാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് യുവസഞ്ചാരി. ഒരു നാടന്‍ സൈക്കിളില്‍ ഒറ്റയ്ക്ക് വയനാട്ടില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള സിങ്കപ്പൂരിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഫൈസല്‍ അഹമ്മദിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഫൈസലിന്റെ യാത്ര.

വിശാലമായലോകത്തെ അറിയാന്‍ വര്‍ഷങ്ങളുടെ നിതാന്തപരിശ്രമം വേണമെന്നു ബോധ്യപ്പെട്ടതോടെയാണ് യാത്രകള്‍ തന്നെയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഈ യുവസഞ്ചാരി തിരിച്ചറിഞ്ഞത്. ഇതോടെ ലോകത്തെ പരിചയപ്പെടാനുള്ള തന്റെ യാത്രകള്‍ ആരംഭിക്കുകയും ഇതിന്റെ ഭാഗമായി സിങ്കപ്പൂരിലേക്ക് പുറപ്പെടുകയുമായിരുന്നു.

ഫെബ്രുവരി ഒന്നിന് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നാണ് യാത്ര പുറപ്പെട്ടത്. ബെംഗളൂരു, ഹംപി, ഗോവ, മുംബൈ, ബറോഡ, ജയ്പുര്‍ വഴി മാര്‍ച്ച് 17ന് ഡല്‍ഹിയിലെത്തി. ഒരുദിവസം 70-80 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പെട്രോള്‍ പമ്പുകളിലും മറ്റും ടെന്റ് അടിച്ചാണ് രാത്രി കഴിയുക. ഭക്ഷണം പാകംചെയ്യാനായി സ്റ്റൗ, പാത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളും ഒപ്പമുണ്ട്.

മണാലിയിലും ലഡാക്കിലുമെല്ലാം കറങ്ങിയശേഷമാണ് ഇന്ത്യ വിടുക. ലോകത്തിലെ ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡുകളിലൊന്നായ ലഡാക്കിലെ കര്‍ദൂങ്‌ലയിലേക്കും പോവുന്നുണ്ട്. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, തായ്‌ലാന്‍ഡ്, ലാവോസിയ, കംബോഡിയ, വിയറ്റ്‌നാം, മലേഷ്യ വഴിയാണ് സിങ്കപ്പൂര്‍ യാത്രയുടെ റൂട്ട്.

ഒന്നരവര്‍ഷം നീളുന്ന യാത്രയാണിത്. ഓരോ സ്ഥലങ്ങളിലും താമസിച്ച് അവിടത്തെ കാഴ്ചകള്‍ നന്നായി ആസ്വദിച്ചശേഷമാണ് അടുത്ത സ്ഥലത്തേക്ക് തിരിക്കുക. അപ്രതീക്ഷിതമായി ഉണ്ടായ കൊറോണ ഭീഷണി കാരണം നിശ്ചയിച്ചതിലും കൂടുതല്‍ സമയമെടുത്തേക്കുമെങ്കിലും പദ്ധതിയില്‍ മാറ്റമില്ലെന്നും യാത്ര പൂര്‍ത്തിയാക്കുമെന്നും ഫൈസലിന്റെ ഉറച്ചവാക്കുകള്‍.

2019ല്‍ 29 സംസ്ഥാനങ്ങളിലൂടെയും നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ആര്‍.എക്‌സ്100 ബൈക്കില്‍ സഞ്ചരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം തന്നെ ബുള്ളറ്റില്‍ ലഡാക്കിലേക്കും പോയിരുന്നു. അതിനാല്‍, ഒരു വ്യത്യസ്തതയ്ക്കുവേണ്ടിയാണ് സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് ഫൈസല്‍ പറയുന്നു.

വിലപിടിപ്പുള്ള ആധുനിക സൈക്കിളുകള്‍ യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സഞ്ചാരികളില്‍നിന്ന് വ്യത്യസ്തനാണ് ഫൈസല്‍. അറ്റ്‌ലസിന്റെ ഒരു സാധാരണ സൈക്കിളിലാണ് ഈ യുവസഞ്ചാരിയുടെ യാത്ര. നാടന്‍ സൈക്കിളായതിനാല്‍ കാര്യമായ പരിപാലനങ്ങള്‍ ആവശ്യമില്ലെന്നതാണ് ഇതിന്റെ കാരണം. അതിനാല്‍, സിങ്കപ്പൂര്‍ യാത്രയ്ക്കായി പുതിയ സൈക്കിള്‍ വാങ്ങി 2500 കിലോമീറ്ററോളം ദൂരം വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. ബത്തേരി പുത്തന്‍കുന്ന് സ്വദേശിയായ ഫൈസല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കിന്റെ ആക്‌സസറീസ് ഷോപ്പ് നടത്തിവരുകയായിരുന്നു.

ഭാര്യ സീനത്തും ഏഴുമാസം പ്രായമുള്ള മകള്‍ ആയിഷ മഹന്നൂറും ഉള്‍പ്പെടെയുള്ള കുടുംബം ഫൈസലിന്റെ യാത്രയ്ക്ക് ഉറച്ചപിന്തുണയുമായി കൂടെയുണ്ട്. തന്റെ സഞ്ചാരവിശേഷങ്ങള്‍ യാത്രാപ്രേമികളെ അറിയിക്കാന്‍ സ്വന്തമായി യൂട്യൂബ് ചാനലും ഫൈസലിനുണ്ട്. കൂടാതെ ഇന്‍സ്റ്റഗ്രാമിലൂടെയും യാത്രാനുഭവങ്ങള്‍ പങ്കുവെക്കും.

Content Highlights: cycle journey from Wayanad to Singapore Faisal Ahammed