കൊച്ചി: ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നല്‍കി ആഡംബര ക്രൂസ് കപ്പലുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം ഏതാണ്ട് രണ്ടു വര്‍ഷമായി അന്താരാഷ്ട്ര ക്രൂസ് കപ്പലുകളൊന്നും കൊച്ചി തുറമുഖത്ത് എത്തുന്നുണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങാന്‍ തുടങ്ങിയതോടെ, അടുത്ത വര്‍ഷം ആദ്യത്തോടെ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനോടകം പല അന്താരാഷ്ട്ര ക്രൂസ് കപ്പലുകളും 2022-ല്‍ കേരളത്തിലേക്കുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ആഭ്യന്തര ക്രൂസ് കപ്പലുകള്‍ സര്‍വീസ് ആരംഭിച്ചത് മേഖലയ്ക്ക് ആശ്വാസമായിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര സര്‍വീസുകള്‍ എത്തിയാല്‍ മാത്രമേ മേഖല സജീവമാകുകയുള്ളൂ. കേരള ടൂറിസം വരുമാനത്തില്‍ പ്രധാന പങ്കുവഹിക്കുന്നത് ക്രൂസ് ടൂറിസമാണ്.

നിലവില്‍ മാസം രണ്ട് സര്‍വീസ് എന്ന നിലയിലാണ് ആഭ്യന്തര ക്രൂസ് കപ്പലുകള്‍ കൊച്ചി തീരത്തെത്തുന്നത്. മുംബൈ-കൊച്ചി-ലക്ഷദ്വീപ് ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൂസ് കപ്പലാണ് ബുധനാഴ്ച കേരള തീരത്തെത്തുന്നത്. കോവിഡിനു ശേഷം കേരള തീരത്തെത്തുന്ന രണ്ടാമത്തെ സര്‍വീസാണിത്. 899 പേരുമായി കൊച്ചിയിലെത്തുന്ന കപ്പലില്‍ 294 സഞ്ചാരികളാണ് ഉള്ളത്.

കൊച്ചിയില്‍നിന്ന് 641 സഞ്ചാരികളാണ് കപ്പലില്‍ പ്രവേശിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചാണ് സഞ്ചാരികള്‍ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുക. കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്നതിനായി കപ്പല്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കൊച്ചി തുറമുഖ അധികൃതര്‍ അറിയിച്ചു.

കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പോര്‍ട്ട് താരിഫ് നിരക്കില്‍ ഇളവു വരുത്തിയത് ക്രൂസ് കമ്പനികള്‍ക്ക് ആശ്വാസമാണ്. കോവിഡ് സാഹചര്യത്തില്‍ ക്രൂസ് മേഖലയെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ തുറമുഖങ്ങളില്‍ കമ്പനികള്‍ അടയ്‌ക്കേണ്ട നിരക്കില്‍ 60-70 ശതമാനം വരെയാണ് ഇളവ് വരുത്തിയത്.

സംസ്ഥാനത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുന്നതോടെ കേരള തീരത്ത് ക്രൂസ് സഞ്ചാരികള്‍ ഒഴുകും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറുപതോളം അന്താരാഷ്ട്ര ആഡംബര കപ്പലുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കോവിഡ് സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും നിര്‍ത്തലാക്കുകയായിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ എത്തിച്ചേരുമെന്നാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്. ആഡംബര കപ്പലിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികള്‍ കേരളത്തില്‍ ശരാശരി 15,000 രൂപയോളം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Content Highlights: cruise tourism makes its way  back to kerala