കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്. മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്ന ടൂറിസംകേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോബബിള്‍ സുരക്ഷയൊരുക്കിയാണ് പൊതുജനങ്ങള്‍ക്കായി തുറന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലുള്ള തുഷാര​ഗിരി ഇക്കോ ടൂറിസം സെന്റര്‍, അരിപ്പാറ വെള്ളച്ചാട്ടം, വടകര സാന്റ് ബാങ്ക്‌സ്, സരോവരം ബയോപാര്‍ക്ക് എന്നിവ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്നത്.

പ്രവേശനത്തിന് കോവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കാണിക്കണം. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമാണ് അനുമതി. ഇവിടെയുള്ള ജീവനക്കാരെല്ലാം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ബയോ ബബിള്‍ സുരക്ഷയാണ് കേന്ദ്രങ്ങളിലുള്ളതെന്ന് ഡി.ടി.പി.സി. അധികൃതര്‍ വ്യക്തമാക്കി. കോടഞ്ചേരിയിലെ തുഷാരഗിരിയില്‍ രാവിലെ എട്ടരമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവേശനം. സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രണ്ടും മൂന്നും വെള്ളച്ചാട്ടങ്ങളിലേക്ക് ട്രക്കിങ്ങിന് അനുമതിയില്ല. നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കോടഞ്ചേരി അരിപ്പാറ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്കായി തുറന്നിട്ടുണ്ട്. രാവിലെ ഒമ്പതുമുതലാണ് പ്രവേശനം.

വടകര സാന്‍ഡ് ബാങ്ക്‌സിലും കോഴിക്കോട് സരോവരത്തിലും ധാരാളംപേര്‍ എത്തുന്നുണ്ട്. സാന്‍ഡ്ബാങ്ക്‌സില്‍ ഞായറാഴ്ച ഏഴായിരം രൂപ ടിക്കറ്റ് വരുമാനം ലഭിച്ചു. സരോവരത്ത് ശരാശരി വരുമാനം ആറായിരം രൂപയാണ്. ഒരു കവാടത്തില്‍ക്കൂടി മാത്രം പ്രവേശനം നല്‍കാനാവുന്നതുകൊണ്ടാണ് സാന്‍ഡ് ബാങ്ക്‌സ് തുറക്കാനായത്.  മറ്റു ബീച്ചുകളില്‍ ഇത് അസാധ്യമായതുകൊണ്ട് ബയോബബിള്‍ സുരക്ഷ ഉറപ്പാക്കാനാവില്ല.  കാപ്പാട് അറ്റകുറ്റപ്പണികള്‍ നടന്നുവരികയാണ്. ഈസ്റ്റ്ഹില്ലിലെ കൃഷ്ണമേനോന്‍ മ്യൂസിയവും സന്ദര്‍ശകരെ സ്വീകരിച്ചുതുടങ്ങി.

പത്തുമുതല്‍ അഞ്ചുവരെയാണ് പ്രവര്‍ത്തനസമയം. തിങ്കളാഴ്ച അവധിയാണ്.  ബുധനാഴ്ചകളില്‍ ഉച്ചയ്ക്കുശേഷമാണ് പ്രവേശനം. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്.  മ്യൂസിയംവളപ്പില്‍ ഒരുക്കിയിരിക്കുന്ന ശലഭപാര്‍ക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.  40 സെന്റ് സ്ഥലത്ത് പൂമ്പാറ്റകള്‍ക്ക് പ്രജനനത്തിനുള്ള ചെടികള്‍ വളര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചത്. മേഖലാശാസ്ത്രകേന്ദ്രവും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ പത്തുമുതല്‍ ആറുവരെയാണ് പ്രവേശനം. പ്ലാനറ്റോറിയത്തിലെ ത്രീഡി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിട്ടില്ല.

Content Highlights: covid travel restrictions to be eased in kozhikode district