നെടുമങ്ങാട്: കോവിഡിന്റെ രണ്ടാംവരവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ക്ക് വീണ്ടും ലോക്കു വീണു. ഇതോടെ ഇവിടെ പണിയെടുത്തിരുന്ന താത്കാലിക ജീവനക്കാരുടെ ജീവിതം പട്ടിണിയിലായി. പകരം ചെയ്യാന്‍ തൊഴിലുകളൊന്നുമില്ലാത്ത മേഖലകളിലൊന്നാണ് ടൂറിസം കേന്ദ്രങ്ങളിലെ ജോലി.

ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലെ 3000-ത്തിലധികം കരാര്‍ തൊഴിലാളികള്‍ക്കാണ് ജീവിതത്തിന്റെ പച്ചപ്പുനഷ്ടമായത്. വേളി, ചൊവ്വര തുടങ്ങിയ തീരങ്ങള്‍ മാത്രമല്ല, പൊന്മുടി, ശംഖിലി ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് ടൂറിസം കേന്ദ്രങ്ങള്‍ക്കും പൂട്ടുവീണു. ടൂറിസം മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നവര്‍ ഇതോടെ പ്രതിസന്ധിയിലായി.

പൊന്മുടി, മങ്കയം, പേപ്പാറ, വാഴ്വാന്തോല്‍, ശംഖിലി, വരയാട്ടുമുടി, വേളി, ശംഖുംമുഖം, കോവളം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ താത്കാലിക ജീവനക്കാരെല്ലാം ദുരിതത്തിലാണ്. ആദ്യ കോവിഡ് കാലത്ത് ഒന്‍പതുമാസമാണ് ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നത്.

പിന്നീട് ഡിസംബര്‍ അവസാനമാണ് വളരെ സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ സന്ദര്‍ശകര്‍ക്കായി സൗന്ദര്യകേന്ദ്രങ്ങള്‍ തുറന്നുനല്‍കിയത്.

നഷ്ടപ്പെട്ടുപോയ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുന്നതിനിടയിലാണ് കോവിഡിന്റെ രണ്ടാംവ്യാപനത്തില്‍ വിനോദകേന്ദ്രങ്ങള്‍ക്ക് താഴുവീണത്. നിലവില്‍ സുരക്ഷയുടെ ഭാഗമായി പ്രതിമാസം ഒന്നോ, രണ്ടോ ദിവസത്തെ ജോലിയാണ് ജീവനക്കാര്‍ക്ക് കിട്ടുന്നത്. ശമ്പളമാകട്ടെ തുച്ഛവും. ഈ വരുമാനത്തില്‍ കുടുംബങ്ങള്‍ പോറ്റാനാകാതെ കഷ്ടപ്പെടുകയാണ് ഒരു വലിയ സമൂഹം.

ജീവിതം ട്രിപ്പിള്‍ ലോക്കില്‍

ടൂറിസം അനുബന്ധ ജോലികളില്‍നിന്നു വരുമാനം കണ്ടെത്തിയിരുന്ന കുടുംബങ്ങളും കഷ്ടപ്പെടുകയാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, വനവിഭവ കച്ചവടക്കാര്‍, ഐസ്‌ക്രീം കച്ചവടക്കാര്‍ തുടങ്ങി എല്ലാമേഖലകളും സ്തംഭനത്തിലാണ്. കച്ചവടത്തിനിറങ്ങിയിട്ട് മാസം ഒന്നര കഴിയുന്നു. കടം പത്തിരട്ടിയായി. വരുമാനങ്ങളൊന്നുമില്ല. കഴിഞ്ഞ ലോക്ഡൗണിനുശേഷം കിട്ടാവുന്നിടത്തു നിന്നെല്ലാം വട്ടിപ്പലിശയ്ക്കു പണമെടുത്താണ് വീണ്ടും കടകള്‍ തുറന്നത്. അതാകട്ടെ ലോക്ഡൗണിലുമായി, ജീവിതം ട്രിപ്പിള്‍ക്കെണിയിലും.

തദ്ദേശീയ ടൂറിസം വികസിപ്പിക്കണം

ഇനി പ്രതീക്ഷ തദ്ദേശീയ ടൂറിസത്തിലാണ്. വിനോദകേന്ദ്രങ്ങള്‍ സുരക്ഷിതമായി തുറന്നുകൊണ്ട് പ്രാദേശിക ടൂറിസം വികസിപ്പിക്കണം. ഇതിലൂടെ വരുമാനം കണ്ടെത്താനാകും. ഇതിനു മികച്ച ഉദാഹരണമാണ് പൊന്മുടി. പൊന്മുടി രണ്ടാമതു തുറന്നപ്പോള്‍ ഒരു കോവിഡ് രോഗിപോലുമില്ലാതെ പ്രതിദിനം ഒരുലക്ഷം രൂപയിലധികമാണ് വരുമാനമുണ്ടാക്കിയത്. പോലീസ്, ആരോഗ്യവകുപ്പ്, വനംവകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലായിരുന്നു ഈ നേട്ടത്തിനു കാരണം.

Content highlights : covid pandemic and lockdown affected tourist destinations in Thiruvananthapuram