കോഴിക്കോട്: അനിശ്ചിതമായി നീളുന്ന ആകാശവിലക്കുകള്‍, എന്ന് വരുമെന്നോ കിട്ടുമെന്നോ അറിയാത്ത കോവിഡ് വാക്‌സിന്‍ ഡോസുകള്‍. ഇതോടെ ഉപജീവനത്തിന് ഗള്‍ഫ് നാടുകളിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന പ്രവാസികളുടെ മടക്കയാത്ര പ്രതിസന്ധിയിലായി.

കഴിഞ്ഞവര്‍ഷത്തെ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ആയിരക്കണക്കിന് പ്രവാസി മലയാളികളാണ് കേരളത്തില്‍ തിരിച്ചെത്തിയത്. 2021 മേയ് 26 വരെയുള്ള കണക്കനുസരിച്ച് ഇത്തരത്തില്‍ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 14,21,837 ആണ്. യു.എ.ഇ. ഉള്‍പ്പെടെ ചില ഗള്‍ഫ് നാടുകളില്‍ സ്ഥിതിഗതി മെച്ചപ്പെട്ടുവരുന്നതിനാല്‍ പലരും തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍, വിമാനസര്‍വീസ് നിര്‍ത്തിയതും കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും കാരണം ഇവരുടെയെല്ലാം മടക്കയാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

തിരിച്ചെത്തിയവരില്‍ ഏറിയപേരും തൊഴില്‍ നഷ്ടപ്പെട്ടവരാണ്. കമ്പനികള്‍ ദീര്‍ഘകാല അവധി നല്‍കി നാട്ടിലേക്ക് പറഞ്ഞുവിട്ടവരുമുണ്ട്. കുടുംബങ്ങളെ നാട്ടില്‍ നിര്‍ത്തി വീണ്ടും തൊഴിലിടങ്ങളിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരില്‍ പലരും. യു.എ.ഇ.യിലെ ചില കമ്പനികള്‍ ജീവനക്കാരെ തിരിച്ചുവിളിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്‌ളൈ ദുബായ് വിമാനക്കമ്പനി കഴിഞ്ഞദിവസം ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

കോവിഡിന്റെ രണ്ടാംതരംഗം കാരണം ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ മിക്ക ഗള്‍ഫ് നാടുകളും റദ്ദാക്കിയിരിക്കുകയാണ്. ജൂണ്‍ 14 വരെയാണ് യു.എ.ഇ.യുടെ വിലക്ക്. ബഹ്‌റൈനും ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈത്തിലേക്കും ഇപ്പോള്‍ പോക്കുവരവില്ല. കര്‍ശന നിബന്ധനകളോടെയാണ് ഖത്തറിലേക്കുള്ള യാത്രകള്‍. സൗദിയും ഇന്ത്യക്കാര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.

കോവിഷീല്‍ഡിന്റെ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള നിശ്ചയിച്ചതും പ്രവാസികളെ വെട്ടിലാക്കി. പ്രവാസികള്‍ക്കും വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ വ്യവസ്ഥ എവിടെയുമില്ല. നിലവില്‍ പ്രവാസികള്‍ വാക്‌സിന് രജിസ്റ്റര്‍ചെയ്യുമ്പോള്‍ വൈകാതെതന്നെ ആദ്യഡോസിനുള്ള സമയവും നല്‍കുന്നുണ്ട്. എന്നാല്‍, രണ്ടാം ഡോസിനെക്കുറിച്ച് മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. 

ജൂണ്‍ പകുതിയോടെ മിക്ക ഗള്‍ഫ് നാടുകളിലേക്കും വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ആദ്യ ഡോസ് എടുത്തവര്‍ക്ക് 28 ദിവസത്തിനകമെങ്കിലും രണ്ടാം ഡോസ് കിട്ടിയാല്‍മാത്രമേ പെട്ടെന്ന് യാത്ര നിശ്ചയിക്കാനാകൂ. കോവിഷീല്‍ഡ് ആദ്യഡോസ് സ്വീകരിക്കുന്ന പ്രവാസികള്‍ക്ക് ഇക്കാര്യത്തില്‍ നിയമഭേദഗതി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കോവാക്‌സിന് അന്താരാഷ്ട്ര അംഗീകാരം കിട്ടാത്തതും മറ്റൊരു പ്രതിസന്ധിയാണ്. രണ്ടാം ഡോസിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം കാരണം കോവിഷീല്‍ഡിന്റെ കാര്യത്തിലും പ്രവാസികള്‍ക്ക് രണ്ടു മനസ്സാണ്.

ഗള്‍ഫ് നാടുകളില്‍പ്പോയി വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യപ്പെടുന്ന പ്രവാസികളുമുണ്ട്.

Content Highlights: Covid 19 vaccine, UAE, Arab countries ban on Indian travellers