തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം വ്യാപനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയിലുള്ളവരുടെ ഉപജീവനം ഇല്ലാതാക്കുമെന്ന ആശങ്കയുമായി സംഘടനകള്‍. നിയന്ത്രണങ്ങളില്‍ ഇളവുണ്ടായിരുന്ന സാഹചര്യത്തില്‍ത്തന്നെ ഉപജീവനത്തിനു ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ടൂറിസം മേഖലയിലുണ്ടായിരുന്നത്.

ഇതു കടുപ്പിച്ചാല്‍ 15 ലക്ഷം പേരുടെ ജീവിതസാഹചര്യമില്ലാതാകുമെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍, പരിഹാരനിര്‍ദേശം സര്‍ക്കാരിനു മുമ്പില്‍ അവതരിപ്പിച്ച് മേയ് ദിനം കരിദിനമായി ആചരിക്കാന്‍ ടൂറിസം സംരക്ഷണസമിതി തീരുമാനിച്ചു.

ടൂറിസം സംരംഭകരും തൊഴിലാളികളും മേയ് ഒന്നിന് സംസ്ഥാനവ്യാപകമായി കറുത്ത മാസ്‌ക് ധരിക്കും. സമൂഹമാധ്യമങ്ങളില്‍ സേവ് ടൂറിസം എന്ന ഹാഷ് ടാഗിലൂടെ പ്രതിഷേധപ്രചാരണം നടത്തും.

ടൂറിസം തൊഴിലാളികള്‍ക്ക് 250 കോടി രൂപയുടെ സാമ്പത്തികസഹായം അനുവദിക്കണം. ടൂറിസംരംഗത്തെ വ്യവസായികള്‍ക്ക് 2500 കോടിയുടെ വായ്പ ലഭ്യമാക്കണം സമിതി ആവശ്യപ്പെട്ടു.

സുധീഷ് കുമാര്‍ കണ്‍വീനറായ ടൂറിസം സംരക്ഷണ സമിതിയില്‍, അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ(അറ്റോയ്), കോണ്‍ഫെഡറേഷന്‍ ഓഫ് അക്രഡിറ്റഡ് ടൂര്‍ ഓപ്പേേററ്റര്‍സ്(കാറ്റോ), സൗത്ത് കേരള ഹോട്ടലീയേഴ്‌സ് ഫോറം (എസ്.കെ.എച്ച്.എഫ്.), കേരള ടൂറിസം പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍(കെ.ടി.പി.ഡി.സി.) ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍സ് (കെ.എച്ച്.ആര്‍.എ.) തുടങ്ങിയ സംഘടനകളുണ്ട്.

Content Highlights: Covid 19 tourism sector in Kerala