മൂന്നാര്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വിനോദസഞ്ചാരമേഖലയ്ക്ക് ഇളവ് നല്‍കിയെങ്കിലും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തത് തിരിച്ചടിയാകുന്നു. പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളായ രാജമല, മാട്ടുപ്പട്ടി, കുണ്ടള, ടോപ് സ്റ്റേഷന്‍, റോസ്ഗാര്‍ഡന്‍, ഹൈഡല്‍ പാര്‍ക്ക് എന്നിവടങ്ങള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പത്തു ദിവസം മുന്‍പാണ് വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും റിസോര്‍ട്ടുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുറികളില്‍ താമസിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

ആദ്യ ലോക്ഡൗണിനു ശേഷം ടൂറിസം കേന്ദ്രങ്ങള്‍ ഒക്ടോബര്‍ 18-ന് തുറന്നപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 50 ശതമാനം സഞ്ചാരികളെ പ്രവേശിപ്പിച്ചായിരുന്നു വിനോദസഞ്ചാര കേന്ദങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇക്കാരണത്താല്‍ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളെത്തിയിരുന്നു. എന്നാല്‍, രണ്ടാം ലോക് ഡൗണിനു ശേഷം ഇളവ് അനുവദിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.ഇതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന റിസോര്‍ട്ട്, ഹോംസ്റ്റേ, ഹോട്ടല്‍ ഉടമകള്‍, നടത്തിപ്പുകാര്‍, ജീവനക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, വ്യാപാരികള്‍, ഗൈഡുകള്‍, ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ തുടങ്ങി ആയിരക്കണക്കിനാളുകളാണ് മാസങ്ങളായി വരുമാനമില്ലാതെ ദുരിതത്തില്‍ കഴിയുന്നത്. രണ്ടാം ലോക്ഡൗണിലെ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മൂന്നാറിലെ ഭൂരിഭാഗം ഹോട്ടലുകളും ഹോംസ്റ്റേകളും റിസോര്‍ട്ടുകളും തുറന്നെങ്കിലും സഞ്ചാരികളില്ലാത്തതിനാല്‍ വീണ്ടും അടച്ചുപൂട്ടി.

Content highlights : covid 19 second wave and lockdown after munnar tourism destinations not open