കോവിഡ്കാലത്ത് ആദ്യം തകർന്നത് ടൂറിസം മേഖലയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ വരുമാനം തന്നിരുന്ന സൗന്ദര്യകേന്ദ്രങ്ങളെല്ലാം ഇന്ന് കാടുമൂടിക്കിടക്കുന്നു. ഇവിടെ പണിയെടുത്തിരുന്നവരുടെ കുടുംബങ്ങൾ പട്ടിണിയിലുമായി. സഞ്ചാരികൾ വരാതായതോടെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ വന്യമൃഗങ്ങൾ കൈയടക്കി. ഹൈഡൽ ടൂറിസവും ഇക്കോ ടൂറിസവും സാമൂഹികവിരുദ്ധർക്ക് സൈ്വരവിഹാരത്തിനുള്ള താവളങ്ങളുമായി. കിഴക്കൻ മലയോരത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയറിയാൻ ഒരു യാത്ര

നെടുമങ്ങാട്: സഞ്ചാരികൾ നിലച്ചതോടെ പൊന്മുടിയിലേക്കുള്ള പാതയിൽ പച്ചപ്പ് നിറഞ്ഞു. കറുത്തപാതകൾ കാണാനാകാത്ത വിധം പച്ചപ്പുമൂടി. എവിടെയും മലമുഴക്കി വേഴാമ്പലും കാട്ടുപോത്തും കാട്ടാനക്കൂട്ടവും. രാവിലെയും വൈകുന്നേരവും വന്നുപോകുന്ന കെ.എസ്.ആർ.ടി.സി. ബസിൽ വിരലിലെണ്ണാവുന്ന തോട്ടം തൊഴിലാളികളും പോലീസ് സ്റ്റേഷനിലെ ജീവനക്കാരും മാത്രം. കോവിഡനന്തര പൊന്മുടിയുടെ ചിത്രം ഇതാണ്.

ഇവിടെ പണിയെടുത്തിരുന്ന 250-ലധികം കരാർത്തൊഴിലാളികൾ പട്ടിണിയിലാണ്. മാസത്തിൽ ചെക്പോസ്റ്റിൽ രണ്ടുദിവസത്തെ ജോലികിട്ടും. ആകെ വരുമാനം 1000-രൂപയിൽ താഴെയാണെന്നും കുടുംബംപോറ്റാൻ ഇതുകൊണ്ട് കഴിയില്ലെന്നും സരസമ്മയെന്ന തോട്ടംതൊഴിലാളി പറയുന്നു. വിതുര മുതൽ പൊന്മുടി വരെ പാതയോരത്ത് കച്ചവടം ചെയ്തിരുന്ന 100-ലധികം കച്ചവടക്കാരുടെയും തട്ടുകടക്കാരുടെയും ജീവിതം ട്രിപ്പിൾലോക്കിലായി.

അവധിയിലൊരുങ്ങി നെയ്യാർ

neyyar നെയ്യാർഡാമിലെ നവീകരിച്ച പൂന്തോട്ടം

കാട്ടാക്കട: കോവിഡിന്റെ അവധിയിൽ മുഖംമിനുക്കി സുന്ദരിയായി നെയ്യാർഡാമും പരിസരവും. കോടികൾ ചെലവിട്ട് നടത്തിയ നിർമാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അടഞ്ഞുകിടന്ന ഒൻപതുമാസം നിർമാണപ്രവർത്തനങ്ങൾ നടന്നെങ്കിലും താത്‌കാലിക ജീവനക്കാർ പട്ടിണിയിലായിരുന്നു. കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സഞ്ചാരികൾ വരുന്നതും കാത്തിരിപ്പാണ് ഈ തൊഴിലാളികൾ. നെയ്യാർ തടാകത്തിലെ വനം, ഡി.ടി.പി.സി. എന്നിവയുടെ ബോട്ട് യാത്രയും ഉദ്യാനഭംഗിയും വനംവകുപ്പിന്റെ മാൻ, ചീങ്കണ്ണി പാർക്കുകളുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കൂടാതെ മീൻമുട്ടി വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള വനാന്തർഭാഗത്തേക്കുള്ള ട്രക്കിങ്ങും സഞ്ചാരികൾക്ക് ഹരമാണ്. അണക്കെട്ടിലെയും പരിസരത്തെയും വൈദ്യുതീകരണം പൂർത്തിയാകാത്തതിനാൽ രാത്രി ഡാമിൽ വെളിച്ചമില്ല.

മങ്കയവും മീൻമുട്ടിയും അടഞ്ഞുതന്നെ

പൂട്ടിക്കിടക്കുന്ന മീൻമുട്ടി ഹൈഡൽ ടൂറിസം

പാലോട്: ജില്ലയിൽ ഇക്കോടൂറിസത്തിനു പേരുകേട്ട മങ്കയം അടഞ്ഞുകിടപ്പാണ്. ചെക്പോസ്റ്റ് കടന്നുപോകാൻ യാത്രക്കാർ ബ്രൈമൂറിൽ പോകുന്നു എന്ന വ്യാജേനയാണ് കടമ്പ കടക്കുന്നത്. എന്നാൽ, മങ്കയത്തെത്തുന്ന സംഘങ്ങൾ ഇവിടെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ ചില്ലറയല്ല. വെള്ളച്ചാട്ടത്തിലെ കുളിയും മദ്യപാനവും ആഘോഷമാക്കുന്നതിനിടയിൽ ഇവിടെ ഒട്ടേറെ ജീവൻപൊലിഞ്ഞു. മീൻമുട്ടി ഹൈഡൽടൂറിസം കേന്ദ്രവും കോവിഡിനുശേഷം തുറന്നിട്ടില്ല. ഇവിടങ്ങളിൽ ജോലിചെയ്തിരുന്നവരെല്ലാം തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിപ്പാണ്. ജില്ലയിലെ ആദ്യത്തെ ഹൈഡൽ ടൂറിസം കേന്ദ്രമാണ് പാലോട്ടെ വാമനപുരം നദിയിലെ ഹൈഡൽടൂറിസം

തമ്പുരാൻ തമ്പുരാട്ടി പാറയിലേക്ക് പോകാനാവില്ല

വെമ്പായം: സമുദ്രനിരപ്പിൽനിന്നു ആയിരത്തിലധികം അടി ഉയരത്തിലാണ് തമ്പുരാൻ പാറയും തമ്പുരാട്ടിപ്പാറയും. പ്രകൃതിയുടെ വശ്യസൗന്ദര്യം പേറുന്ന മലമടക്കുകളാണിത്. എപ്പോഴും വീശിയടിക്കുന്ന ഇളംകാറ്റിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ നിരവധി ആളുകളാണ് ദിനംപ്രതി ഇവിടെ വന്നുപോകുന്നത്. അടിസ്ഥാനസൗകര്യങ്ങൾ ഇതുവരെയും നടപ്പാക്കാൻ ടൂറിസം വകുപ്പിന് കഴിഞ്ഞിട്ടില്ല. ലക്ഷങ്ങൾ ചെലവിട്ട് പ്രവേശനകവാടവും പാറയുടെ മുകളിൽ സുരക്ഷാവേലിയും സ്ഥാപിച്ചിരുന്നു. എന്നാൽ ഇന്ന് ഇതെല്ലാം പൊട്ടിപ്പൊളിഞ്ഞുപോയി. കെട്ടിടങ്ങൾ സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു.

പൊന്മുടിയിൽ കാടുകയറുന്ന കുട്ടികളുടെ പാർക്ക്

മരണം മണക്കുന്ന കല്ലാർ

വിതുര: പുറമേ ഉരുളൻ കല്ലുകൾ കാണാവുന്ന തെളിനീർ... ഉള്ളിൽ അപകടമൊളിപ്പിച്ച വലിയ കയങ്ങൾ. ഇതാണ് കല്ലാർ. സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഇവിടെ എത്രയോ യുവത്വമാണ് കയങ്ങളുടെ ആഴങ്ങളിൽ മുങ്ങിമരിച്ചത്. ആഴം ഊഹിക്കാൻപോലും കഴിയാത്ത നീരൊഴുക്കാണ് കല്ലാറിലേത്. ഉരുളൻ കല്ലുകൾ നിറഞ്ഞ കയങ്ങൾ തിരിച്ചറിയാൻ കഴിയാതെ അപകടങ്ങളിൽപ്പെടുന്നത് പതിവാണ്.

Content highlights :covid 19 pandemic and lockdown after tourism and some tourist places in east hill