ലപ്പുഴ ലോക്ഡൗണിനുശേഷം പല മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ടൂറിസംരംഗത്തും പ്രതീക്ഷ. കോവിഡ് മാനദണ്ഡപ്രകാരം ആലപ്പുഴയില്‍ പുരവഞ്ചി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖലയ്ക്ക് ഉടനെ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഉടമകളും ജീവനക്കാരും. അതിനാല്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ വാക്‌സിനേഷന്‍ ഊര്‍ജിതമായി നടക്കുകയാണ്.

സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയും സ്വകാര്യ ആശുപത്രികളുമായി സഹകരിച്ചുമാണ് കുത്തിവെപ്പു നടക്കുന്നത്. പുരവഞ്ചി ഉടമകളാണ് ജിവനക്കാര്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്നത്. രണ്ടു ഡോസും എടുത്താലേ അനുമതിനല്‍കൂവെന്ന നിബന്ധന വന്നാല്‍ അതു പാലിക്കാനാണ് ഊര്‍ജിതമായി വാക്‌സിനേഷന്‍ നടത്തുന്നത്.

വാക്‌സിനേഷന്‍ നടത്തിയെന്നും ആലപ്പുഴ വിനോദസഞ്ചാരത്തിനായി ഒരുങ്ങുകയാണെന്നുംകാണിച്ച് ഈ മേഖലയിലുള്ളവര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണവും നടത്തുന്നുണ്ട്. സര്‍ക്കാര്‍തലത്തില്‍ പ്രചാരണമൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. എങ്കിലും അധികംവൈകാതെ മേഖല തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തുള്ളവര്‍. എന്നാല്‍, നിബന്ധനകളെക്കുറിച്ച് ആശങ്കകളുണ്ട്. വിനോദസഞ്ചാരമേഖലയ്ക്ക് കോവിഡ് കനത്ത ആഘാതമാണുണ്ടാക്കിയത്. കോടികളുടെ നഷ്ടം. രണ്ടാംതരംഗവും ലോക്ഡൗണും വന്നപ്പോള്‍ പതനം പൂര്‍ണമായി.

alapuzha

ജില്ലയില്‍ 1500-ലധികം പുരവഞ്ചികളുണ്ട്. അവയിലും അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മേഖലകളിലും പണിയെടുക്കുന്നത് പതിനായിരക്കണക്കിനു തൊഴിലാളികളാണ്.ആദ്യ ലോക്ഡൗണില്‍ വെറുതേകിടന്ന പുരവഞ്ചികള്‍ക്കു വലിയ നാശനഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ നിശ്ചിത തുക അറ്റകുറ്റപ്പണിക്കായി നല്‍കുമെന്നു പറഞ്ഞിരുന്നെങ്കിലും മിക്കവര്‍ക്കും കിട്ടിയിട്ടില്ല. ഇനിയവ സഞ്ചാരത്തിനു തയ്യാറാക്കണമെങ്കില്‍ വീണ്ടും നന്നാക്കണം. അതിനെങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണ് ഉടമകള്‍.

Content highlights : covid 19 and lockdown in tourism sector has been severely affected