Photo: Mathrubhumi Library
ഇന്ത്യയുടെ വ്യോമയാന മേഖലയിലെയും അനുബന്ധ വ്യവസായ മേഖലയിലേയും 29 ലക്ഷം തൊഴിലവസരങ്ങളെ കോവിഡ് 19 പ്രതികൂലമായി ബാധിക്കുമെന്ന് ആഗോള ഏജന്‍സി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാഫിക് അസോസിയേഷന്‍ (ഐ.എ.ടി.എ) വെള്ളിയാഴ്ച പുറത്തുവിട്ടതാണ് ഈ വിവരം.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വാണിജ്യ വിമാനങ്ങളുടെ സര്‍വീസ് അടുത്തമാസം മൂന്നുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ രാജ്യത്തെ സാമ്പത്തിക നടപടികളേയും രോഗവ്യാപനം ബാധിച്ചിട്ടുണ്ട്. വ്യോമയാന, വിനോദ സഞ്ചാര മേഖലകളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഐ.എ.ടി.എയുടെ കണക്ക് പ്രകാരം 29,32,900 തൊഴിലവസരങ്ങളാണ് ഇന്ത്യയുടെ വ്യോമയാനമേഖലയില്‍ നിന്ന് നഷ്ടപ്പെടാന്‍ പോകുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ 47 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.
ഇന്ത്യക്കകത്തേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നിന്നും ലഭിച്ച വരുമാനം 85000 കോടി രൂപയാണ്. ഇത് 2019 നെ അപേക്ഷിച്ച് കുറവാണ് കാണിക്കുന്നത്. 290 എയര്‍ലൈനുകള്‍ അടങ്ങിയ ഗ്രൂപ്പാണ് ഐ.എ.ടി.എ. എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളും ഇതിലുള്‍പ്പെടുന്നു. ആഗോള വിമാന യാത്രികരില്‍ നിന്നുള്ള വരുമാനം കോവിഡ് 19 മൂലം കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് 55 ശതമാനം കുറയുമെന്ന് ഐ.എ.ടി.എ ഏപ്രില്‍ 14-ന് പറഞ്ഞിരുന്നു.
ഏഷ്യ പസഫിക് മേഖലയിലെ വിമാനസര്‍വീസുകള്‍ക്കും കൊറോണ റെക്കോര്‍ഡ് നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 113 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് ഇവര്‍ക്കുണ്ടായ നഷ്ടം.
Content Highlights: Corona virus, Jobs In Indian Aviation, IATA, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..