കോവളത്തെത്തിയ വിദേശ വിനോദസഞ്ചാരികൾ
കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനിശ്ചിതകാലത്തേക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ആശങ്ക പങ്കുവയ്ക്കുകയാണ് കോവളത്ത് ഇപ്പോഴുള്ള വിദേശ സഞ്ചാരികള്‍. തങ്ങള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. കോവിഡ്-19 വൈറസ് ഭീതിക്കു മുന്‍പുവരെ തങ്ങളെ കാണുമ്പോള്‍ പുഞ്ചിരിച്ചവരും കൈ തന്നവരും ഇപ്പോള്‍ ഭയപ്പാടോടെ നോക്കുന്നതില്‍ വിഷമമുണ്ടെന്ന് സ്വീഡനില്‍നിന്ന് കോവളത്തെത്തിയ കാതറീന പറഞ്ഞു.
ജര്‍മനിയാണ് സ്വദേശമെങ്കിലും ഇപ്പോള്‍ സ്വീഡനിലെ സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ നഴ്സായി ജോലിനോക്കുകയാണ്. 35 വര്‍ഷമായി ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് കോവളത്ത് വന്നത്. ബുധനാഴ്ച വരെ എനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായിരുന്ന സന്തോഷം പാടെ ഇല്ലാതായി. മനസ്സുതുറന്ന് തീരത്ത് ഒന്ന് ഉല്ലസിക്കാന്‍ കഴിയാത്ത സ്ഥിതിയായി.
വൈറസ് ബാധയില്ലാത്ത രാജ്യത്തുനിന്ന് വരുന്ന ഞങ്ങളെയും ഇവിടുത്തെയാള്‍ക്കാര്‍ കാണുന്നത് രോഗം പടരുന്ന നാട്ടില്‍നിന്ന് രക്ഷപ്പെട്ട് വന്നവരെപ്പോലെയാണ്. 'താങ്കള്‍ ഇക്കാര്യം താങ്കളുടെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം.
നിങ്ങള്‍ ഇറ്റലിയില്‍നിന്ന് വന്നവരാണോയെന്ന ചിലരുടെ ചോദ്യത്തിനു മുന്നില്‍ ഒരുനിമിഷം പകച്ചുപോയി. ജര്‍മനിയില്‍ കോവിഡ്-19 വൈറസ് ഭീതിയില്ലെന്നുള്ള മറുപടിയില്‍ ചുരുക്കി തീരംവിട്ട് മുറിയിലേക്കുപോയി. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്ന കാഴ്ച ഞങ്ങള്‍ റസ്റ്റോറന്റിലിരുന്ന് കണ്ടു. ഹോട്ടലുകാരോട് ചോദിച്ചപ്പോഴാണ് കോവിഡ്-19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് അവര്‍ അറിയിച്ചു. ഒരുമാസം താമസിച്ച് മടങ്ങാനുള്ള വിസയുമായാണ് വന്നത്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നിനും കഴിയില്ല. അതിനാല്‍ വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലേക്കു മടങ്ങുന്നുവെന്ന് കാതറീന പറഞ്ഞു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജര്‍മ്മന്‍ സ്വദേശി ഉര്‍സുല കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോവളത്തെത്തിയത്. ജര്‍മ്മനിയിലെ സ്വകാര്യ ആശുപത്രിയിലെ ഡെന്റിസ്റ്റാണ്. വിമാനത്താവളത്തിലെ പരിശോധനകളും പൂര്‍ത്തിയാക്കി കോവളത്തെ ഹോട്ടലില്‍ സമാധാനമായി ഉല്ലസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേരള സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം വന്നതോടെ ഇനി ഇവിടെ തങ്ങാനാവില്ല. 25-ന് നാട്ടിലേക്കു മടങ്ങുകയാണ്. എന്നാല്‍, സുന്ദര തീരമായ കോവളം കാണാന്‍ വീണ്ടും വരുമെന്ന് അവര്‍ സൂചിപ്പിച്ചു.
Content Highlights : Corona Outbreak Foreign Tourists in Kovalam In Concern
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..