നിലമ്പൂർ: നിലമ്പൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക് ചാലിയാർ പുഴയിലൂടെയുള്ള ജങ്കാർ സർവീസ് പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസാണ് ചൊവ്വാഴ്ച വീണ്ടും തുടങ്ങിയത്.

മനുഷ്യൻ വെച്ചുപിടിപ്പിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ള തേക്കുതോട്ടം സ്ഥിതിചെയ്യുന്ന പ്രത്യേക സംരക്ഷണവനമാണ് കനോലി പ്ലോട്ട്. നിലമ്പൂർ തേക്ക് മുത്തശ്ശിയെ കാണാൻ നിരവധിപേരാണ് ജങ്കാർമാർഗം കനോലി പ്ലോട്ടിൽ എത്താറുള്ളത്. ജങ്കാറിലൂടെയുള്ള യാത്ര പുതിയ അനുഭവമായതായി വിനോദസഞ്ചാരികളായ കോഴിക്കോട് സ്വദേശികളായ മേരി, നിർമല, നിലമ്പൂർ സ്വദേശി അജീഷ് എന്നിവർ പറഞ്ഞു.

ഉദ്ഘാടനദിവസം നല്ല പ്രതികരണമാണ് വിനോദ സഞ്ചാരികളിൽ നിന്നുണ്ടായതെന്ന് ജങ്കാർ സർവീസ് നടത്തുന്ന ഫസൽ പറഞ്ഞു. 15 ലക്ഷം രൂപ ജങ്കാറിന് മാത്രം ചെലവഴിച്ചാണ് കഴിഞ്ഞവർഷം സർവീസ് ആരംഭിച്ചതെങ്കിലും 11 ദിവസം മാത്രമാണ് അതുണ്ടായത്. പിന്നീട് കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് നിർത്തുകയായിരുന്നു.

കനോലി പ്ളോട്ടിലേക്ക് ചാലിയാർ പുഴയ്ക്കു കുറുകെ നിർമിച്ചിരുന്ന തൂക്കുപാലം 2018-ലും 2019-ലുമുണ്ടായ പ്രളയങ്ങളിൽ തകർന്നിരുന്നു. ഇതേത്തുടർന്ന് തൂക്കുപാലത്തിന്റെ പുനർനിർമാണം വൈകിയതോടെയാണ് കഴിഞ്ഞവർഷം വിനോദ സഞ്ചാരികൾക്ക് കനോലിപ്ളോട്ടിലേക്ക് എത്താൻ ജങ്കാർ സർവീസ് തുടങ്ങിയത്.

Content Highlights: conolly's plot nilambur, oldest teak tree, chaliyar river jankar service, malayalam travel news