കുമരകം: പ്രളയത്തെത്തുടര്‍ന്ന് നിശ്ചലമായിക്കിടന്ന കുമരകത്തെ വിനോദസഞ്ചാര മേഖല ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കായി തയ്യാറെടുക്കുന്നു.

22 നക്ഷത്ര ഹോട്ടലുകള്‍, നൂറോളം ചെറുകിട ഹോട്ടലുകള്‍, 110-ല്‍പരം ഹൗസ് ബോട്ടുകള്‍, 80-ല്‍ പരം ശിക്കാര-മോട്ടോര്‍ ബോട്ടുകള്‍, ടാക്‌സി സര്‍വീസുകള്‍ എല്ലാം സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകള്‍ എല്ലാം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കൈക്കലാക്കി കഴിഞ്ഞു. ടാക്‌സി ഏജന്‍സികളില്‍ വാഹനങ്ങളുടെ യാത്ര ക്രമപ്പെടുത്തലുകള്‍ ദൈനംദിനം പുരോഗമിക്കുകയാണ്.

അതേസമയം, കായല്‍സഞ്ചാരം എന്നതില്‍ കവിഞ്ഞ് സഞ്ചാരികള്‍ക്ക് സന്തോഷം പകരുന്ന യാതൊരുവിധ അടിസ്ഥാനസംവിധാനങ്ങളും കുമരകത്തില്ല. ഇത് സഞ്ചാരികളുടെ കടന്നുവരവിന് തടസ്സം സൃഷ്ടിക്കുന്നതായും ആക്ഷപമുണ്ട്.

കുമരകത്തിന്റെ സമസ്ത പ്രദേശങ്ങളിലെയും ചെറുവഴികളും സൈക്കിള്‍വഴികളും വൃത്തിയാക്കി വഴിവിളക്ക് സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുമരകം റോഡിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണേണ്ടതുണ്ട്. കുമരകത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന യാതൊരുവിധ സംവിധാനങ്ങളും ഒരുക്കാന്‍ അധികൃതര്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പരാതി.

Content Highlights: Kumarakom Tourism, Kottayam DTPC, Tourism in Kottayam After Floods