ക്രിസ്മസിന് ദിവസങ്ങൾ മാത്രം, ആഘോഷരാവിനെ വരവേല്‍ക്കാന്‍ വിസ്മയ കാഴ്ചയൊരുക്കി വത്തിക്കാന്‍


ജോളി അ​ഗസ്റ്റിൻ

യൂറോപ്പിലെ ഇലകൊഴിക്കുന്ന ശൈത്യത്തിലും ഇലകൊഴിയാത്ത നിത്യഹരിത വൃക്ഷങ്ങളാണ് പൊതുവേ ക്രിസ്മസ് ട്രീക്കുവേണ്ടി തിരഞ്ഞെടുക്കുക.

സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരമ്പരാഗത പ്രൗഢിയിൽ തയ്യാറാക്കിയ ക്രിസ്മസ് ട്രീയും പുൽക്കൂടും | ഫോട്ടോ: ജോളി അ​ഗസ്റ്റിൻ

2021- ലെ ക്രിസ്മസ് ആഘോഷരാവിനെ വരവേല്‍ക്കാന്‍ വത്തിക്കാനില്‍ വിശ്വവിഖ്യാതമായ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പതിവുപോലെ പരമ്പരാഗത പ്രൗഢിയില്‍ ക്രിസ്മസ് ട്രീയും, പുല്‍ക്കൂടും (crib) ഒരുങ്ങി.

മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് നിബന്ധന ക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഡിസംബര്‍ 10 ന് വൈകുന്നേരം അഞ്ചുമണിക്കാണ് വത്തിക്കാന്‍ സ്റ്റേറ്റ് ഗവര്‍ണറേറ്റ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഫെര്‍ണാണ്ടോ വേര്‍ഗസ് അല്‍സാഗ പുല്‍ക്കൂടിന്റെ പ്രദര്‍ശനവും ക്രിസ്മസ് ട്രീ തെളിക്കലും ഉദ്ഘാടനം ചെയ്തത്.

Christmas tree 2

വടക്കന്‍ ഇറ്റലിയിലെ ത്രേന്‍ന്തൊ (Trento) പ്രവിശ്യയിലെ ദൊളൊമീറ്റി പഗനെല്ല (Dolomiti Paganella) മലമ്പ്രദേശത്തെ ആന്തലൊ (Andalo) യിൽ നിന്നും വത്തിക്കാനില്‍ എത്തിയ, 28 മീറ്റര്‍ ഉയരമുള്ള പൈന്‍മരം (spruce) സെന്റ് പീറ്റേഴ്‌സ് ബസിലിക്കാങ്കണത്തില്‍ രാപ്പകല്‍ നിതാന്തമായി വെട്ടിത്തിളങ്ങുന്നു. യൂറോപ്പിലെ ഇലകൊഴിക്കുന്ന ശൈത്യത്തിലും ഇലകൊഴിയാത്ത നിത്യഹരിത വൃക്ഷങ്ങളാണ് പൊതുവേ ക്രിസ്മസ് ട്രീക്കുവേണ്ടി തിരഞ്ഞെടുക്കുക. ട്രീയുടെ അഗ്രഭാഗത്ത് പ്രശോഭിതമാകുന്ന വലിയ നക്ഷത്രവും മരം കൊണ്ടു നിര്‍മ്മിച്ച ബോളുകളും വിവിധ നിറങ്ങളില്‍ തെളിയുന്ന ലൈറ്റുകളും ഈ ക്രിസ്മസ് ട്രീയുടെ പ്രത്യേകതയാണ്. ത്രേന്‍ന്തൊയില്‍ നിന്നും എത്തിയ പ്രത്യേക പ്രതിനിധി സംഘമാണ് ക്രിസ്മസ് ട്രീ അലങ്കരിച്ചത്.ദൈവപുത്രന്റെ മനുഷ്യാവതാര പുനഃരാവിഷ്‌കാരം അനാവരണം ചെയ്യുന്ന പുല്‍ക്കൂട് അഥവാ ക്രിബ്ബ് ഓരോ വര്‍ഷവും വ്യത്യസ്തവും ആകര്‍ഷണീയവുമായ സുന്ദരശില്പങ്ങളാല്‍ ഇവിടെ നിര്‍മ്മിച്ചു വരുന്നു. ഇത്തവണ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ഹ്വാങ്കവേലിക്ക (Huancavelica) ജില്ലയിലെ ചോപ്ക്ക (Chopca) ഗ്രാമത്തില്‍ നിന്നുമാണ് പുൽക്കൂടെത്തിയത്. ചോപ്കയിൽ നിന്നും വത്തിക്കാനില്‍ എത്തിയ അഞ്ച് ശില്‍പികള്‍, മുപ്പതിലധികം ശകലങ്ങള്‍ കൊണ്ട് പെറുവിന്റെ തനതു ശൈലിയിലാണിത് ഒരുക്കിയിരിക്കുന്നത്. പെറുവില്‍ നടന്ന രാജ്യാന്തരമത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പുൽക്കൂടിനാണ് വത്തിക്കാനില്‍ എത്താന്‍ അവസരം ലഭിച്ചത്. ഈ വര്‍ഷം സ്വാതന്ത്ര്യത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പെറുവിനെ അനുസ്മരിക്കുകയും ആന്‍ഡിസീലെ ജനജീവിതത്തിന്റെ നേര്‍കാഴ്ചയും പുനഃസൃഷ്ടിച്ചിരിക്കുന്നു.

Christmas Tree 3

പുല്‍ക്കൂടിനുള്ളില്‍ കാണുന്ന ഉണ്ണിയേശു, കന്യകാമറിയം, വിശുദ്ധ യൗസേപ്പ്, മൂന്ന് ജ്ഞാനികള്‍, ഇടയന്മാര്‍ എന്നിവരുടെ പ്രതിമകള്‍ സെറാമിക്കും ഫൈബറും ഉപയോഗിച്ച് യഥാര്‍ത്ഥ മനുഷ്യരൂപം എന്നു തോന്നും വിധം നിര്‍മ്മിച്ചിരിക്കുന്നു. ചോപ്ക്കയിലെ പ്രാദേശിക വസ്ത്രങ്ങളാണ് പ്രതിമകള്‍ക്ക് നല്‍കിയിരിക്കുന്നത്. യഹൂദിയായിലെ കാലിത്തൊഴുത്തില്‍ അന്ന് ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച് കാഴ്ചകള്‍ അര്‍പ്പിച്ച മൂന്ന് ജ്ഞാനികളെ അനുസ്മരിപ്പിക്കുന്ന പ്രതിമകളുടെ കൈവശം അവിടത്തെ കൃഷിയിനങ്ങള്‍, ഉരുളക്കിഴങ്ങ്, ക്വിനോവ, കിവിച്ച, കനേഹുവാ തുടങ്ങിയവ അടങ്ങിയ ചാക്കുകള്‍ കാണാം. പ്രാദേശിക ജന്തുജാലങ്ങള്‍ പ്രത്യേകിച്ചും അവിടത്തെ മൃഗങ്ങളുടെ ശില്‍പങ്ങളും ദൃശ്യമാണ്.

അല്പക്കസ്, വികുനാസ്, ചെമ്മരിയാടുകള്‍, വിസ്‌കാച്ചകള്‍, പരിഹുവാനകള്‍, കൂടാതെ പെറുവിന്റെ ദേശീയ ചിഹ്നമായ ചിറകു വിടര്‍ത്തി നില്‍ക്കുന്ന ആൻഡിയന്‍ കൊണ്ടോര്‍ (Andean condor) എന്ന കഴുകന്റെ ശില്‍പവും അതിമനോഹരമാണ്. പിന്നിലായി പെറുവിയന്‍ പതാക വഹിക്കുന്ന ലാമകളുടെ പ്രതിമകളും കൗതുക കാഴ്ചയാണ്. പ്രകൃതിയെ നെഞ്ചിലേറ്റിയ ഈ പുല്‍ക്കൂട് പാപ്പാ ഫ്രാന്‍സിസിന്റെ പരിസ്ഥിതി സംരക്ഷണ വാദങ്ങളുടെ പ്രസക്തി അനുസ്മരിപ്പിക്കുന്നു. പരിസ്ഥിതി മധ്യസ്ഥനായ വി. ഫ്രാന്‍സിസ് അസ്സീസി 1223- ല്‍ ലോകത്ത് ആദ്യമായി നിര്‍മ്മിച്ച പുല്‍ക്കൂടിനോട് ഏറെ സമാനത പുലര്‍ത്തുന്നുണ്ട് ഈ പുൽക്കൂട്. ജീവജാലങ്ങളാല്‍ സമ്പന്നമായിരുന്ന, അതായത് മനുഷ്യരോടൊപ്പം ജന്തുജാലങ്ങളെയും നിരത്തിയാണ് ആദ്യത്തെ പുല്‍ക്കൂട് ഒരുക്കിയത്. വിശുദ്ധ ഫ്രാന്‍സിസ് അസീസി മധ്യ ഇറ്റലിയിലെ ഗ്രേച്ചോ എന്ന മലയോര ഗ്രാമത്തില്‍ അന്ന് നിര്‍മ്മിച്ച പുൽക്കൂടിന്റെ സ്മരണകളുണര്‍ത്തി ക്രിസ്മസിനോടനുബന്ധിച്ച് ഇന്നും ലോകമെമ്പാടും പുല്‍ക്കൂടുകള്‍ അനാവൃതമാകുന്നു.

Christmas Tree 4

ഡിസംബര്‍ പത്തിന് രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പാ, പെറുവിലെയും ത്രേന്‍ന്തൊ (Trento) യിലെയും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

പ്രത്യാശയുടെയും സമാധാനത്തിനന്റെയും സന്ദേശശവുമായി ആഗതമാകുന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ 1982 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്താണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഇവ നിര്‍മ്മിച്ചു തുടങ്ങിയത്.

Christmas Tree 5


2022 ജനുവരി ഒമ്പത് ഞായറാഴ്ച യേശുവിന്റെ ജ്ഞാനസ്‌നാന തിരുനാള്‍ ദിനം വരെ പുല്‍ക്കൂടിന്റെയും ക്രിസ്മസ് ട്രീയുടെയും പ്രദര്‍ശനം ഇവിടെ തുടരും. അഴിച്ച് മാറ്റുന്ന ക്രിസ്മസ് ട്രീ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും. സാധാരണ ഈ സീസണില്‍ വിനോദസഞ്ചാരികള്‍ നിറഞ്ഞൊഴുകുന്ന റോമാ നഗരവും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറും മഹാമാരിയുടെ ഈ വര്‍ഷങ്ങളില്‍ ഭാഗികമായി വിജനമാണ്. സ്വതന്ത്ര സഞ്ചാരപഥങ്ങള്‍ തകര്‍ത്തെറിഞ്ഞ വൈറസിനുമുമ്പില്‍ നിസ്സഹായരായ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ അഭാവം തുടരുമ്പോഴും ഇറ്റലിക്കാരോടൊപ്പം യൂറോപ്പിലെ ഇതര രാജ്യങ്ങളിലെ സഞ്ചാരികളും ധാരാളമായി ഇവിടം സന്ദര്‍ശിച്ചുവരുന്നു.

Content Highlights: christmas 2021, vatican st peters sqaure, christmas celebration, christmas tree and crib


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented