സാന്റിയാഗോ:  വിനോദസഞ്ചാരികളെ തേടി ചിലിയില്‍ നിന്നുമൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. രാജ്യത്ത് ഇനിമുതല്‍  സഞ്ചാരികള്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കില്ല. നവംബര്‍ 1 മുതല്‍ 5 ദിവസത്തെ ക്വാറന്റീന്‍ കാലാവധിയാണ് ഒഴിവാക്കിയത്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്കായിരിക്കും പ്രവേശനമെങ്കിലും  കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും  സത്യവാങ്മൂലവും കൈയില്‍ കരുതണം. 

ഇവര്‍ക്ക്‌ മൊബിലിറ്റി പാസ് അനുവദിക്കും.  ഈ പാസ് കൈവശം കരുതാത്തവര്‍ ഏഴ് ദിവസം ഐസൊലേഷനില്‍ കഴിയണം. കോവിഡുമായി ബന്ധപ്പെട്ട് വരുന്ന ചികിത്സാചിലവുകള്‍ക്ക് വേണ്ടി സഞ്ചാരികള്‍ക്ക് ട്രാവല്‍ ഇന്‍ഷ്വറന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 

വീഞ്ഞുകളുടെ പേരില്‍ ഏറെ പ്രസിദ്ധമാണ് ചിലി. വിശ്വപ്രസിദ്ധ കവിയായ പാബ്ലോ നെരുദയുടെയും മറ്റും ജന്മദേശമായതിനാല്‍ ചിലിയെ രാജ്യത്തെ പൗരന്മാര്‍ കണ്‍ട്രി ഓഫ് പോയറ്റ്‌സ് എന്നും വിളിക്കുന്നു. ബോട്ടിലോ വിമാനത്തിലോ മാത്രം എത്തിപറ്റാവുന്ന സാന്‍ റാഫേല്‍ ഗ്ലേസിയര്‍, പാബ്ലോ നെരുദയുടെ ജന്മദേശമായ വല്‍പരെയ്‌സോ, പെന്‍ഗ്വിന്‍ കൂട്ടങ്ങളുടെ താവളമായ ലോസ് പിന്‍ഗ്വീനോസ് നാച്വറല്‍ മോണുമെന്റ് തുടങ്ങിയവയാണ് പ്രധാന ടൂറിസം കേന്ദ്രങ്ങള്‍.

Content Highlights: chile not to make quarantine mandatory for tourists