കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള തടയണയും പാലവും
ചെറുപുഴ: മലയോരത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വിനോദസഞ്ചാരപദ്ധതികള്‍ എങ്ങുമെത്തിയില്ല. വികസനത്തിന് ആക്കംകൂട്ടുമെന്ന് കരുതിയ പദ്ധതികള്‍ എല്ലാം പ്രഖ്യാപനത്തില്‍ ഒതുങ്ങി. കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങാവേണ്ടിയിരുന്ന പദ്ധതികള്‍ മേഖലയില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. മലയോരത്തിന്റെ പച്ചപ്പും പ്രകൃതിരമണീയമായ മലകളും വെള്ളച്ചാട്ടങ്ങളും തോടുകളും ഒക്കെ ഉപയോഗപ്പെടുത്തി പ്രകൃതിക്ക് കോട്ടംതട്ടാതെയുള്ള പദ്ധതികളാണ് വിഭാവനംചെയ്തിരുന്നത്.
കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലങ്ങളിലൂടെ പുഴയുടെ സൗന്ദര്യവും ഉപയോഗപ്പെടുത്താന്‍ പദ്ധതി ഉണ്ടായിരുന്നു. മാതൃകാ കൃഷിയിടങ്ങള്‍, ആട്, പശു, മുയല്‍, കോഴി തുടങ്ങിയ ഫാമുകള്‍, മത്സ്യം വളര്‍ത്തു കേന്ദ്രങ്ങള്‍, ആദിവാസി കേന്ദ്രങ്ങള്‍, കലാരൂപങ്ങള്‍, കുട്ട, വട്ടി നിര്‍മാണം തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കി ഫാം ടൂറിസം പദ്ധതികളുമാണ് പറഞ്ഞിരുന്നത്.
കൊട്ടത്തലച്ചി, ജോസ് ഗിരിയിലെ തിരുനെറ്റിക്കല്ല്, കമ്മാളിക്കല്ല്, രാജഗിരി, മരുതുംതട്ട്, താബോര്‍, കോറാളി, ചാത്തമംഗലം തുടങ്ങിയ മലനിരകള്‍ ട്രക്കിങ്ങിന് പറ്റിയ ഇടങ്ങളാണ്. കര്‍ണാടക വനത്തോടുചേര്‍ന്നുള്ള കാനംവയലിലെ കാഴ്ചകള്‍ മനോഹരമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ആരംഭിച്ചത് കാര്യങ്കോട് പുഴയിലാണ്.

ഇവയെല്ലാം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. ചെറുപുഴ ടൗണിനോട് ചേര്‍ന്ന് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള തടയണയില്‍ പെഡല്‍ ബോട്ട്, പുഴക്കരയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, വാക്ക് വേ, ടൗണ്‍ സ്‌ക്വയര്‍, തുടങ്ങിയവയും പ്രഖ്യാപിച്ചിരുന്നു.
സ്വകാര്യവ്യക്തി ടൂറിസം പദ്ധതിക്കായി കൊട്ടത്തലച്ചി മലയില്‍ മൂന്നിടത്തായി മൂന്ന് ഏക്കര്‍ സ്ഥലം വിട്ടുനല്‍കുകയും അവിടേയ്ക്ക് റോഡ് നിര്‍മ്മിച്ചുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല. 2018 ഏപ്രില്‍ മാസത്തില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ചെറുപുഴയിലെ ടൂറിസ്റ്റ് പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അന്തിമമായി പ്രോജക്ട് തയ്യാറാക്കാനും ലഭ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്താനും അന്ന് തീരുമാനിച്ചിരുന്നു.
ഇതുപ്രകാരം 2018 ഏപ്രില്‍ 19-ന് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഏപ്രില്‍ മാസത്തില്‍ത്തന്നെ പദ്ധതി തുടങ്ങാന്‍ നിശ്ചയിച്ചിരുന്നു. പക്ഷെ ഒട്ടേറെ പ്രതീക്ഷയുണര്‍ത്തിയ പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പായില്ല.
കാര്‍ഷിക മേഖലയ്ക്കും തിരിച്ചടി
ഗ്രാമീണ ടൂറിസവും ഫാം ടൂറിസവും നടപ്പാവുന്നതോടെ കൃഷിയിട സന്ദര്‍ശനങ്ങള്‍ ഊര്‍ജിതമാവുകയും കര്‍ഷകര്‍ക്ക് അവരുടെ ജൈവ ഉത്പന്നങ്ങള്‍ നേരിട്ട് വില്‍ക്കാനും അധികവില നേടാനും കഴിയുമായിരുന്നു.
ചെറുപുഴ ടൗണില്‍ പാര്‍ക്കും മറ്റും വന്നാല്‍ ടൗണ്‍ സജീവമാകുമെന്നും വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുമെന്നും പ്രതീക്ഷിച്ചിരുന്നു.

ജമീല കോളയത്ത്, പ്രസിഡന്റ്, ചെറുപുഴ പഞ്ചായത്ത്

കുര്യാച്ചന്‍ തെരുവന്‍ കുന്നേല്‍, ജോസ്ഗിരി, ജൈവകര്‍ഷന്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..