എഗ്മോർ റെയിൽവേസ്റ്റേഷന്റെ ഉൾവശത്തെ നവീകരണത്തിന്റെ രേഖാചിത്രം
അത്യാധുനിക സൗകര്യങ്ങളോടെ എഗ്മോര്‍ റെയില്വേസ്റ്റേഷന് നവീകരിക്കുന്നു. വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെയാണ് 743 കോടി രൂപ ചെലവില്‍ സ്റ്റേഷന് നവീകരിക്കുക.
ഇപ്പോഴത്തെ സ്റ്റേഷന്റെ ആകര്‍ഷണീയത നിലനിര്‍ത്തിക്കൊണ്ടാണ് ആധുനീകരണം നടത്തുക. നിലവിലുള്ള രണ്ടുനില കെട്ടിടത്തിന്റെ പൗരാണിക ശില്പകല അനുകരിച്ച് നാലുനില കെട്ടിടമാണ് നിര്‍മിക്കുന്നത്.
ഒരുഭാഗത്ത് ഗാന്ധി ഇര്വിന് റോഡിന് അഭിമുഖമായും മറുഭാഗത്ത് പൂനമല്ലി ഹൈറോഡിന് അഭിമുഖമായും രണ്ട് പ്രവേശന കവാടങ്ങളുണ്ടാകും. പ്രവേശന കവാടത്തിലും എല്ലാ പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ്, എസ്കലേറ്റര്‍ സൗകര്യങ്ങളുണ്ടാകും. സ്റ്റേഷന്റെ ഇരുഭാഗത്തുമുള്ള പ്രവേശന കവാടങ്ങളില്‍ ആറ് നിലകള്‍വീതമുള്ള ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങള്‍ നിര്‍മിക്കും. ഇവിടെനിന്ന് പാര്‍സല്‍ ഓഫീസിലേക്കും പോകാനുള്ള സൗകര്യങ്ങളുണ്ടാകും.
യാത്രക്കാര്‍ക്ക് എളുപ്പം നടന്നുപോകാനായി നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ വീതി കൂട്ടുകയും രണ്ട് പുതിയ പ്ലാറ്റ്ഫോമുകള് നിര്മിക്കുകയുംചെയ്യും. ആവശ്യത്തിന് അനുസൃതമായി വിശ്രമമുറികള്‍, കുടിവെള്ളം, ശൗചാലയങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളുമുണ്ടാകും.
ഹൈദരാബാദ് കേന്ദ്രമായ സ്വകാര്യ കമ്പനിക്കാണ് സ്റ്റേഷന്നവീകരണത്തിന് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. നവീകരണത്തിന്റെ പ്രാരംഭജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
നിലവിലുള്ള എഗ്മോര്‍ റെയില്വേസ്റ്റേഷന് 1908ലാണ് നിര്‍മിച്ചത്. 114 വര്‍ഷം പഴക്കമുള്ള സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവീകരിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.
ദിവസവും 36 ദീര്‍ഘദൂരതീവണ്ടികള്‍ ഇവിടെനിന്ന് സര്‍വീസ് നടത്തുന്നുണ്ട്. കൂടാതെ 240 സബര്‍ബന്‍ സര്‍വീസുകളുമുണ്ട്. 2020-21ലെ കണക്കുകള്‍ പ്രകാരം സ്റ്റേഷന്റെ വരുമാനം 125.13 കോടി രൂപയാണ്.
Content Highlights: Chennai Egmore Railway station to get world-class makeover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..