പാലോട്: തെക്കന്‍ മലയോര മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ സാധ്യതകള്‍ നല്‍കിക്കൊണ്ട് ചെല്ലഞ്ചിപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് വാമനപുരം ആറ്റിനുകുറുകേ ചെല്ലഞ്ചിപ്പാലം യാഥാര്‍ഥ്യമാകുന്നത്.

പാലം യാഥാര്‍ഥ്യമാകുന്നതോടെ തീരദേശ ടൂറിസം മേഖലയായ വര്‍ക്കലയെയും പൊന്മുടി ഹൈറേഞ്ച് ടൂറിസത്തെയും വളരെപ്പെട്ടെന്ന് ബന്ധിപ്പിക്കാനാകും. ഇപ്പോള്‍ വര്‍ക്കല തീരത്തുനിന്ന് പൊന്മുടിയിലെത്താന്‍ 81 കിലോമീറ്റര്‍ സഞ്ചരിക്കണം. ഇതിന് മൂന്നുമണിക്കൂറെങ്കിലും വേണ്ടിവരും.

ചെല്ലഞ്ചിപ്പാലത്തിലൂടെയാണെങ്കില്‍ ഇത് ഒന്നര മണിക്കൂറായി കുറയുമെന്നു മാത്രമല്ല ദൂരപരിധി 55 കിലോമീറ്ററില്‍ താഴെയാകും. വര്‍ക്കല, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നന്ദിയോട് വഴി വിതുരയിലെത്തി അവിടെനിന്ന് വളരെപ്പെട്ടെന്ന് പൊന്മുടിയിലെത്താന്‍ പുതിയ പാതയിലൂടെ കഴിയും. വിദേശ വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന സ്ഥലങ്ങളാണ് വര്‍ക്കലയും പൊന്മുടിയുമെന്നത് വരുമാനലാഭത്തിനും കാരണമാകും.

പെയിന്റിങ്, വയറിങ് ജോലികളും പൂര്‍ത്തിയായ ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. 2010-ല്‍ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് പാലത്തിന്റെ ശിലാസ്ഥാപനം നടന്നത്.

പണിതീര്‍ന്ന സാഹചര്യത്തില്‍ ഉടന്‍തന്നെ ചെല്ലഞ്ചിപ്പാലത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights: Chellanjipalam Bridge, Kerala Tourism, Ponmudi Eco Tourism, Varkala Beach