ന്യൂഡല്‍ഹി: യുണൈറ്റഡ് കിങ്ഡത്തിലേക്കുള്ള വിമാന യാത്രകളെല്ലാം തന്നെ എയര്‍ ഇന്ത്യ റദ്ദാക്കിയതോടെ യാത്ര ചെയ്യാനാകാതെ വിഷമിക്കുകയാണ് സഞ്ചാരികള്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിന്റെ സാഹചര്യത്തില്‍ പല രാജ്യങ്ങളും ഇന്ത്യയെ ചുവപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തി.

ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യക്കാര്‍ക്ക് പോകാന്‍ സാധിക്കില്ല. യു.കെ അല്ലാതെ മറ്റ് ചില രാജ്യങ്ങളും ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

യു.എസ്.എ

ഏപ്രില്‍ 20 തൊട്ട് അമേരിക്ക ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തി. അമേരിക്കയിലുള്ളവര്‍ ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്കും പറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ലെവര്‍ 4 കാറ്റഗറിയിലാണ് ഇന്ത്യയെ യു.എസ്.എ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂസീലന്‍ഡ്

ഈ മാസം ആദ്യം തന്നെ ഇന്ത്യയെ ന്യൂസീലന്‍ഡ് ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറത്തുനിന്നും ന്യൂസീലന്‍ഡിലെത്തിയ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. 23-ല്‍ 17 പേരും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയെ ന്യൂസീലന്‍ഡ് ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 

ഹോങ് കോങ്

ഏപ്രില്‍ 18 നാണ് ഹോങ് കോങ്ങ് ഇന്ത്യയെ ചുവപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഏപ്രില്‍ 20 തൊട്ട് അടുത്ത 14 ദിവസത്തേക്ക് ഇന്ത്യക്കാരായ സഞ്ചാരികള്‍ക്ക് ഹോങ് കോങ്ങിലേക്ക് വിലക്ക് ഏര്‍പ്പെടുത്തി. മുംബൈയില്‍ നിന്നും ഹോങ് കോങ്ങിലെത്തിയ ചില യാത്രികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പാകിസ്താനില്‍ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള യാത്രികര്‍ക്കും ഹോങ് കോങ്ങില്‍ വിലക്കുണ്ട്. 

പാകിസ്താന്‍

ഏപ്രില്‍ 19 മുതല്‍ പാകിസ്താന്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. ഇന്ത്യയെ സി കാറ്റഗറിയിലാണ് പാകിസ്താന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റോഡുമാര്‍ഗം വരുന്നവര്‍ക്കും ഈ വിലക്ക് ബാധകമാണ്. 

Content Highlights: Check List Of Countries That Have Added India To Red-list