കേദര്‍നാഥ്: കോവിഡ് 19 വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലയളവിന് ശേഷം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ചാര്‍ധാം യാത്ര ആരംഭിച്ചേക്കും. ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സപ്താല്‍ മഹാരാജാണ് ഇക്കാര്യം അറിയിച്ചത്. 

നിലവിലെ സാഹചര്യമനുസരിച്ച് ജൂണ്‍ എട്ടുവരെയാണ് ഉത്തരാഖണ്ഡില്‍ ലോക്ഡൗണ്‍  പ്രഖ്യാപിച്ചിരിക്കുന്നത്. അതിനുശേഷം ചമോലി ജില്ലയിലുള്ള ബദ്രിനാഥ്, രുദ്രപ്രയാഗിലുള്ള കേദാര്‍നാഥ്, ഉത്തരകാശിയിലെ ഗംഗോത്രി, യമുനോത്രി എന്നീ ക്ഷേത്രങ്ങള്‍ തുറക്കും. ഈ നാല് ക്ഷേത്രങ്ങളിലേക്കും ഭക്തര്‍ നടത്തുന്ന തീര്‍ഥാടനമാണ് ചാര്‍ധാം യാത്ര.

കോവിഡ് കേസുകള്‍ കുറഞ്ഞാല്‍ മാത്രമേ ചാര്‍ധാം യാത്ര അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സപ്താല്‍ മഹാരാജ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്തുമായി കൂടിക്കാഴ്ച നടത്തി. 

ആദ്യ ഘട്ടത്തില്‍ പ്രദേശവാസികള്‍ക്ക് മാത്രമായി ചാര്‍ധാം യാത്ര സംഘടിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ മാത്രമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരെ പങ്കെടുപ്പിക്കൂ. കഴിഞ്ഞ വര്‍ഷവും കോവിഡ് മൂലം ചാര്‍ധാം യാത്ര നടത്തിയിരുന്നില്ല. ഇതുമൂലം കോടികളുടെ നഷ്മാണ് സര്‍ക്കാരിനുണ്ടായത്. 

Content Highlights: Chardham Yatra might start in phased manner