മൈസൂരു: നഗരത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ചാമുണ്ഡിമലയിലേക്ക് 1,008 പടികൾ കയറി എത്താനുള്ള വഴി തുറക്കാനുള്ള കാത്തിരിപ്പിലാണ് മൈസൂരു നിവാസികൾ. വ്യായാമം ചെയ്യുന്നവരുടെയും സാഹസിക പ്രിയരുടെയും ഇഷ്ടകേന്ദ്രമായ ഇവിടം കോവിഡ് മഹാമാരി ആരംഭിച്ചത് മുതൽ ജില്ലാഭരണകൂടം അടച്ചിട്ടിരിക്കുകയാണ്.

മലമുകളിലെ ചാമുണ്ഡേശ്വരി ക്ഷേത്രം തുറന്ന് മാസങ്ങളായിട്ടും പടികളിലൂടെയുള്ള വഴി തുറന്നുനൽകാൻ അധികൃതർ തയ്യാറാകുന്നില്ല. പടികൾ ആരംഭിക്കുന്ന സ്ഥലത്തുള്ള ഗേറ്റാണ് അടച്ചിരിക്കുന്നത്. എന്നാൽ, യുവാക്കൾ പ്രത്യേകിച്ചും കോളേജ് വിദ്യാർഥികൾ ഇതിനെ മറികടന്ന് പടികൾ കയറി മലയിലേക്ക് പോകുന്നുണ്ട്. ഗേറ്റിന്റെ ഇടതുഭാഗത്തുള്ള ഇടുങ്ങിയ വഴിയിലൂടെ നൂഴ്‌ന്നുകടക്കുകയാണ് ഇവർ ചെയ്യുക.

2020 മാർച്ചിൽ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴാണ് ഗേറ്റ് അടച്ചത്. ഇത്തവണത്തെ ദസറയാഘോഷവേളയിൽപ്പോലും ഗേറ്റ് തുറന്നുനൽകാൻ അധികൃതർ കൂട്ടാക്കിയിരുന്നില്ല.

മലമുകളിലെ ദസറ ഉദ്ഘാടനച്ചടങ്ങിൽ ആൾക്കൂട്ടം ഉണ്ടാകുമെന്നായിരുന്നു കാരണം ഉന്നയിച്ചത്. എന്നാൽ, ദസറ അവസാനിക്കുകയും കോവിഡ് കേസുകൾ ഗണ്യമായി കുറയുകയും ചെയ്തിട്ടും ജില്ലാഭരണകൂടം പടികളിലൂടെ പ്രവേശനം അനുവദിക്കാൻ കൂട്ടാക്കുന്നില്ല. പടികൾ സ്ഥിരം കയറിയിരുന്നവർ ഗേറ്റ് തുറക്കണമെന്ന് ജില്ലാഭരണകൂടത്തോടും ക്ഷേത്രം അധികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, ഈവർഷം ഒക്ടോബർ 14-ന് (ആയുധപൂജ ദിനം) കേന്ദ്രസഹമന്ത്രി ശോഭ കരന്തലജെ ചാമുണ്ഡേശ്വരിക്ഷേത്രം സന്ദർശിച്ചപ്പോൾ അവർക്കുവേണ്ടി മാത്രം ഗേറ്റ് തുറന്നതായി ചാമുണ്ഡിമല നിവാസികൾ പറയുന്നു. മന്ത്രി പടികൾ കയറിയശേഷം ഗേറ്റ് വീണ്ടും അടച്ചെന്നും മലനിവാസികൾ വ്യക്തമാക്കി.

എല്ലാ ആഷാഢ വെള്ളിയാഴ്ചയും ചാമുണ്ഡിമലയിലെ പടികൾ കയറി ക്ഷേത്രത്തിലെത്തുന്നത് ശോഭയുടെ പതിവാണ്. എന്നാൽ, മന്ത്രിയായതിന്റെ തിരക്കുകൾ കാരണം ഡൽഹിയിലായിരുന്നതിനാൽ ഇത്തവണ ആഷാഢദിനത്തിൽ പടി കയറാൻ സാധിച്ചില്ല. ഇതേത്തുടർന്നാണ് ആയുധപൂജ ദിനത്തിൽ എത്തിയത്. 1659-ൽ മൈസൂരു രാജാവായിരുന്ന ദൊഡ്ഡ ദേവരാജ വോഡയാറിന്റെ കാലത്താണ് പടികൾ നിർമിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Content Highlights: Chamundi Hills, Mysuru Travel, Karnataka Tourism, Karnataka tourism news