ചാലിയാർപ്പുഴ | ഫോട്ടോ: പി. ജയേഷ്
പെരുമണ്ണയില്‍ 'ചാലിയാര്‍ ഇക്കോടൂറിസം' പദ്ധതിക്ക് ഒരുകോടി രൂപയുടെ ഭരണാനുമതി. സംസ്ഥാനസര്‍ക്കാരിന്റെ 'ഡെസ്റ്റിനേഷന്‍ ചലഞ്ചി'ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. വിനോദസഞ്ചാരവികസനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുന്ന 'ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിയിലേക്ക് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് നല്കിയ 'ചാലിയാര്‍ ഇക്കോ ടൂറിസം' പദ്ധതി രൂപരേഖ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
വിനോദസഞ്ചാരവകുപ്പും പെരുമണ്ണ ഗ്രാമപ്പഞ്ചായത്തും സംയുക്തമായാണ് പദ്ധതിക്കാവശ്യമായ ധനവിനിയോഗം നടത്തുക. ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് 'ചാലിയാര്‍ ഇക്കോ ടൂറിസം' പദ്ധതി ആസൂത്രണംചെയ്തിരിക്കുന്നത്. ചാലിയാര്പ്പുഴയോടുചേര്ന്ന് കിടക്കുന്ന പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ വിനോദസഞ്ചാരസാധ്യതകള്‍ ചൂണ്ടിക്കാണിച്ച് 'മാതൃഭൂമി' നേരത്തേ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ എട്ട് (പാറമ്മല്‍), ഒമ്പത് (നെരാടുകുന്ന്), പത്ത് (വെള്ളായിക്കോട്) വാര്‍ഡുകളാണ് ചാലിയാര്പ്പുഴയോട് ചേര്‍ന്നുകിടക്കുന്നത്. ഈ ഭാഗങ്ങളില്‍ പുഴപുറമ്പോക്കുഭൂമികള് ഒട്ടേറെയുണ്ട്. ഇവ അളന്നുതിട്ടപ്പെടുത്തി പദ്ധതിക്കായി ഉപയോഗപ്പെടുത്താം. നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത മലപ്പുറം ജില്ലയിലെ വാഴയൂരില്‍നിന്ന് ചാലിയാര്‍പ്പുഴ കടന്ന് പെരുമണ്ണയിലൂടെയാണ് കോഴിക്കോട്ടെത്തുന്നത്. ഇതോടെ ചാലിയാര്‍തീരത്തെ വിനോദസഞ്ചാര പദ്ധതിക്ക് വന്‍സ്വീകാര്യതയാണ് ലഭിക്കുക.
Content Highlights: chaliyar eco tourism project
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..